‘നാഡ’ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്; കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘നാഡ’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നിങ്ങുന്നതായി കാലാവസ്ഥ വകുപ്പ്.വെള്ളിയാഴ്ച്ചയോടെ കൊടുങ്കാറ്റ് തമിഴ്‌നാട് തീരത്തെത്തും.  ചെന്നൈ തീരത്തുനിന്ന് 770 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിപ്പോള്‍. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ തമിഴ്‌നാട് തീരത്തേക്കു മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലാണു കാറ്റിപ്പോള്‍ വീശുന്നതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റ് ആയ സ്‌കൈമെറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പുതുച്ചേരിക്ക് 770 കിലോമീറ്റര്‍ കിഴക്കും ശ്രീലങ്കയിലെ ട്രിന്‍കോമലിക്ക് 490 കിലോമീറ്റര്‍ തെക്കുകിഴക്കുമായാണ് കാറ്റ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നു രാവിലെതന്നെ മഴ ശക്തമായി പെയ്യാന്‍ തുടങ്ങുമെന്നും സ്‌കൈമെറ്റ് വെതര്‍ പറയുന്നു.  തമിഴ്‌നാട് തീരത്തേക്കു നീങ്ങുന്ന കാറ്റ് ഡിസംബര്‍ ഒന്ന് രാത്രിയോ രണ്ടാം തീയതി പുലര്‍ച്ചെയോ വേദാരണ്യത്തിനും ചെന്നൈക്കുമിടയില്‍ കരയില്‍ അടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 6-12 സെന്റീമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഒമാനാണ് ചുഴലിക്കാറ്റിന് നാഡ എന്ന പേരു നിര്‍ദേശിച്ചത്.2015 ഡിസംബറില്‍ ചെന്നൈയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇന്നേവരെ ഉണ്ടായതില്‍ ഏറ്റവും വലിയ പ്രളയക്കെടുതിയ്ക്കാണ് അന്ന് നഗരം സാക്ഷ്യം വഹിച്ചത്. 35 സെന്റീമീറ്റര്‍ രേഖപ്പെടുത്തിയ അന്നത്തെ മഴയില്‍ നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി.

© 2024 Live Kerala News. All Rights Reserved.