പയ്യന്നൂരില്‍ 75 വയസുകാരിയെ മകള്‍ ക്രൂരമായി മര്‍ദിച്ചു;അവശയായ അമ്മ വീടിനുള്ളില്‍ അറിയാതെ മൂത്രമൊഴിച്ചതിനാണ് മര്‍ദിച്ചത്;മകള്‍ക്കെതിരെ കേസെടുത്തു

പയ്യന്നൂര്‍ : 75 വയസുകാരിയായ കാര്‍ത്യായനിയെ മകള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. പ്രായാധിക്യം കൊണ്ട് അവശയായ അമ്മ വീടിനുള്ളില്‍ അറിയാതെ മൂത്രമൊഴിച്ചതിനാണ് മകള്‍ ചന്ദ്രമതി മര്‍ദിച്ചത്. ചൂലുപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വൃദ്ധയുടെ മറ്റ് മക്കള്‍ പൊലീസില്‍ പരാതി നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രമതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.ആണ്‍ മക്കളാണ് അമ്മയെ നോക്കേണ്ടതെന്ന് ഇവര്‍ പറഞ്ഞു. നിഷേധാത്മക നിലപാടാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പൊലീസ് പറയുന്നു. അമ്മയെ മര്‍ദിക്കാറില്ലെന്നും എന്നാല്‍ ഒച്ചയെടുത്ത് സംസാരിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും മകള്‍ പറഞ്ഞു. അമ്മയെ ക്രൂരമായി മര്‍ദിച്ച മകള്‍ക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹികപീഡന നിയമപ്രകാരമാണ് മകള്‍ ചന്ദ്രമതിക്കും ഭര്‍ത്താവ് രവിക്കുമെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന് കണ്ണൂര്‍ എസ്.പി. പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.