പി.എസ്.എല്‍.വി.ക്ക് വിജയക്കുതിപ്പ്‌..

ചെന്നൈ: അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ വഹിക്കുന്ന പി.എസ്.എല്‍.വി. സി-28 ശ്രീഹരിക്കോട്ടയില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. ചെന്നൈയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ വെള്ളിയാഴ്ച രാത്രി 9.58-നായിരുന്നു വിക്ഷേപണം. നിശ്ചയിച്ചതുപോലെ വിക്ഷേപണത്തിനുശേഷം കൃത്യം 19 മിനിറ്റിനും 16 സെക്കന്‍ഡിനും ശേഷം ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയതായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കിരണ്‍കുമാര്‍ അറിയിച്ചു.

മൊത്തം 1439 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി. ബഹിരാകാശത്ത് എത്തിച്ചത്. ഇത്രയും ഭാരമുള്ള വാണിജ്യപരമായ വിക്ഷേപണം ഐ.എസ്.ആര്‍.ഒ. ആദ്യമായാണ് നടത്തിയത്. 447 കിലോഗ്രാം ഭാരംവരുന്ന മൂന്ന് ഡി.എം.സി. 3 ഉപഗ്രഹങ്ങള്‍, 91 കിലോഗ്രാം തൂക്കമുള്ള സി.ബി.എന്‍.ടി. മൈട്രോ ഉപഗ്രഹം, ഏഴു കിലോഗ്രാമുള്ള ഡി. ഓര്‍ബിറ്റ് സെയില്‍നോ ഉപഗ്രഹം എന്നിവയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഇംഗ്ലണ്ടിലെ സാറെ സാറ്റലൈറ്റ് ടെക്‌നോളജിയും സാലെ സ്‌പേസ് സെന്ററുമാണ് ഉപഗ്രഹങ്ങള്‍ നിര്‍മിച്ചത്.
പ്രകൃതിവിഭവങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയാണ് ഡി.എം.സി. 3 ഉപഗ്രഹങ്ങളുടെ ദൗത്യം. പ്രകൃതിദുരന്തങ്ങളുടെ കൃത്യമായ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനും ഈ ഉപഗ്രഹങ്ങള്‍ പ്രയോജനപ്പെടും.

ഇതുവരെ വിദേശത്തുനിന്നുള്ള 45 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ. ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.