ഫിദല്‍ കാസ്‌ട്രോ ക്രൂരനായ ഏകാധിപതി;ക്യൂബന്‍ ജനതയെ ആറ് പതിറ്റാണ്ട് കാലം ഫിദല്‍ കാസ്‌ട്രോ അടിച്ചമര്‍ത്തുകയായിരുന്നുവെന്നും ട്രംപ്

വാഷിങ്ടണ്‍:അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയായിരുന്നുവെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബന്‍ ജനതയെ ആറ് പതിറ്റാണ്ട് കാലം ഫിദല്‍ കാസ്‌ട്രോ അടിച്ചമര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കാസ്‌ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ക്യൂബയ്ക്ക് ഇനി സമ്പദ്‌സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗം ലഭിക്കുമെന്നും ട്രംപ് പറഞ്ഞു. കാസ്‌ട്രോയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ച ശേഷം ‘ഫിഡല്‍ കാസ്‌ട്രോ മരിച്ചു’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഇറക്കിയ വിശദമായ പ്രസ്താവനയിലാണ് കാസ്‌ട്രോയോടുള്ള നയം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. തന്റെ ഭരണകാലത്ത് സ്വന്തം ജനതയെ അടിച്ചമര്‍ത്തുകയായിരുന്നു കാസ്‌ട്രോ ചെയ്തതെന്നും ഭീതി വിതച്ച കാസ്‌ട്രോ ഭരണത്തില്‍ കൊള്ളയും ദുരിതവും ദാരിദ്രവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ക്യൂബയില്‍ അരങ്ങേറിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.