ബാഹുബലി-2 ക്ലൈമാക്‌സ് രംഗങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായി; ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായി. അവസാന ഭാഗത്തുള്ള പ്രധാനപ്പെട്ട യുദ്ധ രംഗങ്ങളാണ് പുറത്തായത്. ലീക്കായ വീഡിയോ രംഗങ്ങളില്‍ പ്രഭാസും അനുഷ്‌ക്ക ഷെട്ടിയും മറ്റനേകം ഭടന്മാരും ഉള്‍പ്പെടുന്ന യുദ്ധ രംഗങ്ങളാണുള്ളത്. സംഭവത്തില്‍ ബാഹുബലിയുടെ സംവിധായകന്‍ എംഎം രാജമൗലിയുടെ പരാതിയെത്തുടര്‍ന്ന് ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്ന ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനറായ കൃഷ്ണ ദയാനന്ദ് ചൗധരിയെ പൊലീസ്് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ശോഭു യാര്‍ലഗ്ഗഡ അറസ്റ്റ് വാര്‍ത്ത സ്ഥീരീകരിച്ചിട്ടുണ്ട്. പോലീസ് സ്റ്റുഡിയോയില്‍ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഗ്രാഫിക് ഡിസൈനറെ കസ്റ്റഡിയിലെടുത്തത്. കൃഷ്ണ ദയാനന്ദ് ചിത്രത്തിന്റെ രണ്ട് വീഡിയോ ക്ലിപ്പുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് ആദ്യം തന്റെ മൊബൈല്‍ ഫോണിലേയ്ക്ക് പകര്‍ത്തുകയും അത് പിന്നീട് വിജയവാഡയിലുള്ള ഐശ്വര്യ, അഖില്‍ എന്നീ രണ്ട് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കൃഷ്ണ ദയാനന്ദ് കുറ്റം സമ്മതിച്ചു. എന്നാല്‍, ഫോണില്‍ നിന്ന് ചോര്‍ന്ന വീഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തി. പിന്നീട് സുഹൃത്തുക്കളോട് ദൃശ്യങ്ങള്‍ തിരിച്ചയക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു .അതീവ രഹസ്യമായിട്ടായിരുന്നു ബാഹുബലിയുടെ ചിത്രീകരണം.ലൊക്കേഷന്‍ വിവരങ്ങള്‍ പോലും പുറത്തു വിട്ടിരുന്നില്ല.അഭിനേതാക്കള്‍ അടക്കമുള്ള യൂണിറ്റ് അംഗങ്ങള്‍ക്ക് സൈറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു പോലും നിയന്ത്രണമുണ്ടായിരുന്നു. ഇതിനിടെയാണ് ഇങ്ങനൊരു സംഭവം.അടുത്തവര്‍ഷം ഏപ്രിലിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

© 2023 Live Kerala News. All Rights Reserved.