ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനെതിരായ നടപടികള്‍ തുടരും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിപക്ഷം തെറ്റിദ്ധരണ പരത്തുകയാണ്. പാവങ്ങളെ സഹായിക്കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തിനെതിരെയുള്ള സര്‍ക്കാറിന്റെ ധീരമായ നടപടിയാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പാര്‍ലമെന്ററി പാര്‍ട്ടി പ്രത്യേക പ്രമേയം പാസാക്കി. മോദിയുടേത് മഹത്തായ കുരിശുയുദ്ധമെന്നും പ്രമേയത്തില്‍ പറയുന്നു. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നോട്ടുകള്‍ സംബന്ധിച്ചെടുത്ത തീരുമാനം വളരെ വലുതാണ്. അതിനു പ്രത്യേകമായ ധൈര്യം വേണം. കഴിഞ്ഞ 70 വര്‍ഷമായി രാജ്യം ഒരേ രീതിയില്‍ തുടര്‍ന്നുവരികയായിരുന്നു. എന്നാല്‍ അതിന് പുതിയൊരു മാറ്റമാണ് മോദി തന്റെ പ്രഖ്യാപനത്തിലൂടെ വരുത്തിയിരിക്കുന്നത്. രാജ്യമെമ്പാടുമുള്ളവര്‍ അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്തുണ നല്‍കുന്നു. ചരിത്രപരമായ ഒരു നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.