നോട്ട് പിന്‍വലിക്കല്‍; മോദിയെ പിന്തുണച്ച മോഹന്‍ലാലിനെതിരെ ഭാഗ്യ ലക്ഷ്മി;ഇവരാരും മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരല്ല; അനുഭവിച്ചാലേ അറിയൂ..

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തെ പിന്തുണച്ച നടന്‍ മോഹന്‍ലാലിനെതിരെ സിനിമാരംഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതിലും കുഴപ്പമില്ലെന്നായിരുന്നു മോഹന്‍ലാല്‍ ബ്ലോഗിലൂടെ വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ ബ്ലോഗിനെതിരെ വിമര്‍ശനമുയര്‍ത്തി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി .

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നോട്ട് നിരോധനം എന്നൊക്കെ
പറഞ്ഞപ്പൊ കുറച്ച് നാളേക്കുളള ബുദ്ധിമുട്ട് എന്നേ ആദ്യം കരുതിയുളളു..സ്വന്തം അക്കൗണ്ടിൽ പണമുണ്ടെങ്കിലും കുറച്ചെടുത്താ മതി എന്ന് ബാങ്ക് പറഞ്ഞപ്പോ എന്റെ പണം നിങ്ങളെടുത്തിട്ട് എന്നെ ഭരിക്കാൻ വരുന്നോ എന്ന് ചോദിക്കാൻ തോന്നി..ഇന്ന് എന്റെ നിയന്ത്രണം വിട്ടു..കഴിഞ്ഞ 15വർഷമായി എന്റെ വീട്ടിലെ ഒരു അംഗമായ വസന്തയെ ഇന്ന് ഉച്ചക്ക് ഒരു അപകടത്തിൽപെട്ട് കാലൊടിഞ്ഞ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലെത്തിച്ചു..ഉടനെ സർജറി വേണമെന്നും കാലിൽ STEELRODE ഇടണമെന്നും പറഞ്ഞു DR.. വില ഏകദേശം ഇരുപത്തയ്യായിരം..മറ്റ് ചിലവുകൾക്കെല്ലാം വേണ്ടി ഒന്നിച്ച് ഒരു നാല്പതിനായിരമെങ്കിലും എടുക്കാമെന്ന് വെച്ചാൽ എടിഎം 2500 രൂപയേ തരൂ..ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കൽ സ്റ്റോറിൽ ചെന്നപ്പോ ഒരിടത്ത് NETWORK ഇല്ല മറ്റൊരിടത്ത് കാർഡ് മിഷിനേ ഇല്ല..ബാങ്കിൽ ചെന്നപ്പോഴേക്കും ഇരുപത്തിനാലായിരമേ തരൂ എന്നായി. ബാക്കി അവിടുന്നും ഇവിടുന്നും കടം വാങ്ങി ആശുപത്രിയിൽ എത്തിയപ്പോഴേക്ക് ഏഴുമണി. കഴിഞ്ഞിരുന്നു..പ്രധാനമന്ത്രി വരുത്തിവെച്ചതിന് DR ടെ മുൻപിൽ വെറുതേ ഞാൻ തല കുനിച്ചു.
അത്രയും നേരം വേദന സഹിച്ച് കിടന്ന വസന്തയോട് നിശബ്ദമായി മാപ്പു പറഞ്ഞു..ഇത് എന്റെ മാത്രം അനുഭവമല്ല..ആശുപത്രിയിൽ കിടക്കുന്ന ഓരോരുത്തരും നോട്ട് നിരോധനത്തിന്റെ പേരിൽ അനുഭവിക്കുന്ന ദുരിതത്തിൽ മനം നൊന്ത് ശപിക്കുന്നുണ്ടായിരുന്നു. ഇവരാരും മദ്യം വാങ്ങാൻ വേണ്ടി ക്യൂവിൽ നിൽക്കുന്നവരല്ല..ജീവൻ നില നിർത്താൻ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്.. ആ വേദന അനുഭവിക്കുമ്പോഴേ അറിയൂ.

© 2024 Live Kerala News. All Rights Reserved.