തിരുവനന്തപുരം: കാത്തിരുന്ന് കാത്തിരുന്ന് അഞ്ഞുറിന്റെ പുതിയ നോട്ടും കേരളത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. ബാങ്കുകളിലൂടെയും എ.ടി.എമ്മുകളിലൂടെയും വിതരണം ചെയ്യാന്‍ 150 കോടിരൂപയുടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിലെത്തിയത്.പക്ഷേ, എന്നു വിതരണം ചെയ്യണമെന്നു റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടില്ല. പഴയ 500 രൂപ നോട്ടും പുതിയ 500 രൂപയും തമ്മില്‍ സോഫ്റ്റ്‌വെയറില്‍ എങ്ങനെ തരംതിരിച്ചു രേഖപ്പെടുത്തുമെന്ന ആലോചനയിലാണു റിസര്‍വ് ബാങ്ക്.
ചില ബാങ്കുകള്‍ പുതിയ നോട്ടിന് ‘500ന്യൂ’ എന്ന പേരു നല്‍കിയിട്ടുണ്ട്. 2000 രൂപ മുന്‍പ് ഇല്ലാതിരുന്ന നോട്ടായതിനാല്‍ സോഫ്റ്റ്‌വെയറില്‍ മാറ്റം ആവശ്യമില്ലായിരുന്നു. കേരളത്തില്‍ മുഴുവനും വിതരണം ചെയ്യാനുള്ള നോട്ടുകളാണിത്. എങ്കിലും തിങ്കളാഴ്ച മുതല്‍ 500 വിതരണം ചെയ്യുമൊ എന്ന് ഉറപ്പില്ല. ഇവയുടെ വിതരണത്തിലൂടെ സംസ്ഥാനത്ത് നിലവിലുള്ള സാമ്പത്തീക പ്രശ്‌നങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. അഞ്ചു കോടി വീതമുള്ള 30 പെട്ടി നോട്ടുകളാണ് എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.അതേസമയം, നോട്ടുക്ഷാമം ഇന്നലെയും സംസ്ഥാനത്തെ ബാങ്കുകളില്‍ അതിരൂക്ഷമായിരുന്നു. മുന്‍പു പിന്‍വലിച്ച നോട്ടുകളും അധികം ചെലവില്ലാതിരുന്ന നാണയങ്ങളുമാണ് ഇപ്പോള്‍ ബാങ്കുകള്‍ വിതരണം ചെയ്യുന്നതില്‍ ഏറെയും. എസ്ബിഐയുടെയും എസ്ബിടിയുടെയും പകുതിയോളം എടിഎമ്മുകള്‍ മാത്രമാണ് ഇന്നലെ ഭാഗികമായെങ്കിലും പ്രവര്‍ത്തിച്ചത്.