മഹാരാഷ്ട്രയില്‍ ബിജെപി സഹകരണ വകുപ്പ് മന്ത്രിയുടെ വാഹനത്തില്‍ നിന്നും 91.5 ലക്ഷം രൂപ പിടികൂടി; കള്ളപ്പണമെന്ന് പ്രതിപക്ഷം

മുംബൈ:ബിജെപി നേതാവും മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയുമായ സുഭാഷ് ദേശ്മുഖിന്റെ കാറില്‍ നിന്നും 91.5 ലക്ഷം രൂപ പിടികൂടി.മുന്‍സിപ്പില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാഹന പരിശോധനയ്ക്ക് ഇറങ്ങിയ ഫ്‌ളൈയിങ് സ്‌ക്വാഡ് ആണ് പണം പിടിച്ചെടുത്തത്. ഒസ്മാനാബാദ് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ റെയ്ഡില്‍ ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള ലോക് മംഗള്‍ ബാങ്കിന്റെ കാറില്‍ നിന്നാണ് പണം പിടികൂടിയത്.നിരോധിച്ച 1000ന്റെ നോട്ടുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കുകയാണെങ്കില്‍ തിരിച്ചു നല്‍കുമെന്ന് ഒസ്മാനാബാദ് കളക്ടര്‍ പ്രശാന്ത് നാരാണവാരെ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഇതേ വരെ പ്രതികരിക്കാന്‍ സുഭാഷ് ദേശ്മുഖ് തയ്യാറായിട്ടില്ല.സംഭവത്തില്‍ മന്ത്രിക്കെതിരെ കോണ്‍ഗ്രസ്, എന്‍.സി.പി കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇന്‍കംടാക്‌സ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. ബിജെപി നേതാക്കളുടെ കഴിഞ്ഞ ആറുമാസത്തെ ഇടപാടുകള്‍ പരിശോധിക്കണമെന്നും സാവന്ത് ആവശ്യപ്പെട്ടു. ബിജെപി നേതാക്കളുടെ വീടുകളില്‍ മുഴുവന്‍ കള്ളപ്പണം നിറച്ചു വെച്ചിരിക്കുകയാണെന്ന് എന്‍സിപി വക്താവ് നവാബ് മാലിക്ക് പറഞ്ഞു. കേരളത്തിലടക്കം സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ബിജെപി ആരോപിക്കുന്നതിനിടയിലാണ് മഹാരാഷ്ട്രയില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നും നിരോധിക്കപ്പെട്ട പണം പിടികൂടുന്നത്. കഴിഞ്ഞ ആഴ്ച്ച മറ്റൊരു ബിജെപി നേതാവിന്റെ വാഹനത്തില്‍ നിന്നും 6 കോടി രൂപ പിടിച്ചെടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.