സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ അനുവദിക്കില്ല; കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് സത്യാഗ്രഹമിരിക്കും;റിസര്‍വ് ബാങ്കിനുമുന്നിലാണ് സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുംഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കും. ഇന്ന് രാവിലെ 10 മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനുമുന്നിലാണ് സത്യാഗ്രഹം.കൂടാതെ സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. നോട്ട് നിരോധനം സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിച്ചിരിക്കെയാണ് ഭരണപ്രതിപക്ഷ ഭേദമന്യേ സംസ്ഥാനം ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരെ സമരമുഖത്തെത്തുന്നത്. സര്‍ക്കാര്‍ നടത്തുന്ന സമരപരിപാടികള്‍ക്ക് യുഡിഎഫ് സര്‍വ്വ പിന്തുണയും അറിയിച്ചിട്ടുണ്ട്.നാടിന്റെ പൊതുവികാരം പ്രകടിപ്പിക്കേണ്ടതിനാലാണ് ആദ്യപടിയെന്ന നിലയില്‍ മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും റിസര്‍വ് ബാങ്കിന് മുന്നില്‍ സത്യാഗ്രഹമിരിക്കുന്നത്. 21ന് ഉച്ചയ്ക്കുശേഷം മൂന്നിന് സര്‍വകക്ഷിയോഗം വിളിക്കും. ബി.ജെ.പി.യെയും ക്ഷണിക്കും. തുടര്‍നടപടി യോഗത്തില്‍ ആലോചിക്കും.സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്നും ഇവയെ തകര്‍ക്കുന്ന സമീപനം എന്ത് വില കൊടുത്തും തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിധി വിട്ട നിലപാടാണ് കേന്ദ്രവും റിസര്‍വ് ബാങ്കും സഹകരണ മേഖലയ്‌ക്കെതിരെ എടുക്കുന്നത്. കേരളത്തിന്റെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളല്ല. സഹകരണമേഖല തകരുക എന്ന് പറഞ്ഞാല്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.