എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി ;എന്‍ഒസി നല്‍കാമെന്ന് കേന്ദ്രം; രണ്ട് എയര്‍ സ്ട്രിപ്പുകളും വേണം

ന്യൂഡല്‍ഹി: കോട്ടയം- പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളം വേണമെന്നും മുഖ്യമന്ത്രി. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്ഥലം തീരുമാനിച്ചാല്‍ എന്‍ഒസി നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം പദ്ധതി സമര്‍പ്പിക്കും.ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമെന്നും പിണറായി വ്യക്തമാക്കി. ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും എരുമേലി വിമാനത്താവളം. ആറന്മുള വിമാനത്താവളത്തിനു പകരമല്ല ഇത്. വിമാനത്താവളം വരേണ്ട സ്ഥലത്തെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഇനിയത് കേന്ദ്രത്തെ അറിയിച്ചാല്‍ മതിയെന്ന് പിണറായി ഡല്‍ഹിയില്‍ പറഞ്ഞു. ടൂറിസ്റ്റുകളെ ലക്ഷ്യംവെച്ച് രണ്ട് എയര്‍ സ്ട്രിപ്പുകള്‍ അനുവദിക്കണമെന്ന നിര്‍ദേശവും സംസ്ഥാനം മുന്നോട്ടുവെച്ചു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കിറങ്ങാന്‍ കാസര്‍കോഡ് ബേക്കലിലും ഇടുക്കിയിലെ മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള എയര്‍ സ്ട്രിപ്പുകളുമാണ് കേരളം ആവശ്യപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.