തിരുവനന്തപുരം: പുറത്തിറങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പുതിയ 2000 രൂപ നോട്ടിനും വ്യാജന്‍ എത്തി. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ നോട്ടിന്റെ വ്യാജന്‍ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ തിരുവനന്തപുരത്തും വ്യാജനോട്ട് നല്‍കി കബളിപ്പിച്ചത്.ഫോട്ടോസ്റ്റാറ്റ് കോപ്പിയായാണ് ഒര്‍ജിനലിനെ വെല്ലുന്ന വ്യാജന്‍ ഇറക്കിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ചിറയിന്‍കീഴ് എസ്ബിടിക്കു മുന്നില്‍ വ്യാജന്‍ കൈമാറ്റം നടന്നത്.നോട്ടുകള്‍ മാറ്റി വാങ്ങാന്‍ എത്തിയ ജനങ്ങള്‍ക്കിടയില്‍ ലോട്ടറി വില്‍പ്പന നടത്തിയ കച്ചവടക്കാരനാണ് വ്യാജനില്‍ പറ്റിക്കപ്പെട്ടത്. പുതിയ നോട്ടുമായി ലോട്ടറി വാങ്ങാനെത്തിയ യുവാവ് 100 രൂപയുടെ ലോട്ടറി വാങ്ങിയ ശേഷം 2000 രുപ നല്‍കുകയായിരുന്നു. കച്ചവടക്കാരന്‍ തിരികെ 1900 രൂപ നല്‍കുകയും ചെയ്തു.പിന്നീട് ഈ 2000 രൂപയുമായി ബിവറേജില്‍ എത്തിയപ്പോള്‍ ജീവനക്കാരാണ് വ്യാജനാണെന്ന് ചൂണ്ടിക്കാട്ടിയത്. നോട്ട് കൊണ്ട് ഗുണമില്ല എന്നും അറിയിച്ചു. ഇതോടെ ചിറയിനകീഴ് പോലീസ് സ്‌റ്റേഷനിലെത്തി കേസ് നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.