തലശ്ശേരി എസ്ബിടിയില്‍ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയ വ്യക്തി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു; ഓവര്‍സിയര്‍ക്ക് മാറ്റിയെടുക്കാനുണ്ടായിരുന്നത് അഞ്ചര ലക്ഷം രൂപ;ആലപ്പുഴയില്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: 500 ന്റേയും 1000 ന്റേയും നോട്ടുകള്‍ അസാധുവാക്കി എന്ന പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്ക് ശാഖയില്‍ പോയ കെഎസ്ഇബി ഓവര്‍സിയര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു.പെരളശ്ശേരി സ്വദേശി കെ.കെ. ഉണ്ണിയാണ് മരിച്ചത്. തലശ്ശേരി എസ്ബിടി ബാങ്കിന് മുകളില്‍ നിന്ന് വീണാണ് ഇദ്ദേഹം മരിച്ചത്. ഉണ്ണിക്ക് 48 വയസായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ എസ്ബിടിയുടെ ഓഫീസില്‍ നിന്നും ഉണ്ണി താഴേക്കു വീഴുകയായിരുന്നു. ഇയാളുടെ കൈവശത്ത് നിന്ന് അഞ്ചരലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.അതേസമയം ഉണ്ണി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.ആലപ്പുഴയില്‍ അസാധുവാക്കിയ നോട്ടുകള്‍ മാറാനെത്തി ബാങ്കിലെ നീണ്ട ക്യൂവില്‍ നിന്നയാളാണ് കുഴഞ്ഞുവീണ് മരിച്ചത്. ഹരിപ്പാട് ഡാണാപ്പടി എസ്ബിടി ബ്രാഞ്ചിലാണ് സംഭവം. ഇവിടെ ക്യൂവില്‍ നിന്ന കുമാരപുരം സ്വദേശി കാര്‍ത്തികേയനാണ്(77) കുഴഞ്ഞുവീണു മരിച്ചത്.. അതെസമയം, കോഴിക്കോട് പേരാമ്പ്രയില്‍ ബാങ്കിലെ തിക്കിലും തിരക്കിലുംപ്പെട്ട്് മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു.കോടേരിച്ചാലില്‍ ഭാസ്‌കരന്‍ നായരാണ് കുഴഞ്ഞുവീണത്. നോട്ടുകള്‍ അസാധുവാക്കി എന്നറിഞ്ഞതിന്റെ ആഘാതത്തില്‍ തെലങ്കാനയില്‍ മധ്യവയസ്‌കത ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടമായെന്ന് കരുതിയായിരുന്നു ഇവര്‍ ആത്മഹത്യ ചെയ്തത്. 50 ലക്ഷം രൂപയോളമായിരുന്നു ഇവരുടെ സമ്പാദ്യം. അതേസമയം, സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയ എടിഎം കൗണ്ടറുകളിലേക്ക് വന്‍ജനപ്രവാഹമാണുള്ളത്. രാവിലെ നിറച്ച പണം പല എടിഎമ്മുകളിലും തീര്‍ന്നു. എന്നാല്‍, തീരുന്ന മുറയ്ക്ക് പണം നിറയ്ക്കുമെന്നു ബാങ്കുകള്‍ അറിയിച്ചെങ്കിലും അതും ഉണ്ടായില്ല. ചിലയിടങ്ങളില്‍ തുറക്കാത്ത എടിഎമ്മുകള്‍ക്കു മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

© 2024 Live Kerala News. All Rights Reserved.