രണ്ടാം മാറാട് കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്; കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗുഢാലോചന അന്വേഷിക്കാനാണ് ഉത്തരവ്; സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കണമെന്ന് കോടതി

കൊച്ചി:രണ്ടാം മാറാട് കേസ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ഹൈക്കാടതി ഉത്തരവ് . കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് ഉത്തരവ്. അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയുമുള്‍പ്പെടെ കാര്യങ്ങളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ ഉത്തരവ്. കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മുസ്ലിം ലീഗിനെയും ബിജെപിയെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയ കേസാണിത്. 2003 മേയ് രണ്ടിനായിരുന്നു ഒന്‍പതുപേരുടെ ജീവനെടുത്ത കലാപം ഉണ്ടായത്.പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2008 ല്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിച്ചിരുന്നു. 138 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 62 പേര്‍ക്ക് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഇതിനു മുന്‍പു തന്നെ ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. രണ്ടാം മാറാട് കലാപം അന്വേഷിക്കാന്‍ ഏകാംഗ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ജസ്റ്റിസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനാണ് ഇത് അന്വേഷിച്ചത്. വിപുലമായ ഗൂഢാലോചനയുണ്ടെന്നും സാമ്പത്തിക സ്രോതസും രാഷ്ട്രീയ ബന്ധങ്ങളും അന്വേഷിക്കണമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.ഇതേ തുടര്‍ന്ന് കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്നു ആവശ്യം ഉയര്‍ന്നിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, ഡിആര്‍ഐ, തുടങ്ങിയവയുടെ സംയുക്ത സംഘം അന്വേഷിക്കണമെന്നായിരുന്നു അന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായ നിര്‍ദേശം. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഇപ്പോള്‍ അന്വേഷണത്തിന് തയാറാണെന്ന് സിബിഐ അറിയിച്ചത്. ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ആകാം എന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.