ബാങ്കുകള്‍ ഇന്ന് തുറക്കും;കറന്‍സികള്‍ ഇന്നു മുതല്‍ മാറ്റിവാങ്ങാം; ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കും;എടിഎം കൗണ്ടറുകള്‍ നാളെ മുതല്‍ സജ്ജമാകും

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിക്കുന്നതിനോട് അനുബന്ധിച്ച് അടച്ച ബാങ്കുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും. ബാങ്കുകള്‍ ഇന്നു മുതല്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങും. ഈ മാസം 24 വരെ ഒരാള്‍ക്ക് ഒരു ദിവസം 4,000 രൂപയാണ് മാറ്റാന്‍ പറ്റുക.എന്നാല്‍ ഇതിനായി ആധാര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കണം.ജനം നേരിടു്ന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഈയാഴ്ച ശനിയും ഞായറും കൂടി ബാങ്കുകള്‍ പ്രവര്‍ത്തിക്കും.എന്നാല്‍ എടിഎം കൗണ്ടറുകള്‍ നാളെ മുതലേ പ്രവര്‍ത്തിച്ചു തുടങ്ങൂ. അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വന്തം അക്കൗണ്ടിലൂടെ മാറ്റിയെടുക്കാന്‍ അനുവദിച്ച 50 ദിവസ കാലാവധിയിലെ നിക്ഷേപങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. ഇക്കാലയളവില്‍ ഏതെങ്കിലും അക്കൗണ്ടില്‍ 2.5 ലക്ഷം രൂപയിലധികം നിക്ഷേപമുണ്ടായാല്‍ പ്രത്യേക പരിശോധനയുണ്ടാകും. നിക്ഷേപം ആദായനികുതി വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ നികുതിയും 200 ശതമാനം പിഴയും ഈടാക്കും. കള്ളപ്പണവും കള്ളനോട്ടും തടയാനായി 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു തുടര്‍ച്ചയായാണ് ഈ തീരുമാനം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റോഫീസുകളിലും വ്യക്തമായ തിരിച്ചറിയല്‍ രേഖയുമായി ചെന്ന് ഇന്നുമുതല്‍ മാറ്റിവാങ്ങാം
*ബാങ്കുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും.
*ഒരുദിവസം ബാങ്കുവഴി മാറ്റിവാങ്ങാവുന്ന പരമാവധി തുക 4000 രൂപയായിരിക്കും. ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് പരിധിയില്ല.
*എടിഎമ്മുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
*സഹകരണ ബാങ്കുകളില്‍ കറന്‍സികള്‍ മാറ്റിവാങ്ങാന്‍ ഇപ്പോള്‍ സൗകര്യമുണ്ടാകില്ല.
*ദേശീയ പാതയിലെ ടോള്‍ പിരിവ് വെള്ളിയാഴ്ച അര്‍ധരാത്രിവരെ ഒഴിവാക്കി.
*പാചക വിതരണ സ്ഥാപനങ്ങള്‍, മെട്രോ റെയില്‍വെ, കാറ്ററിങ്, മ്യൂസിയങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കും.
*മരുന്നുകടകളില്‍ ഡോക്ടറുടെ കുറിപ്പടിയോടുകൂടി എത്തിയാല്‍ പഴയ നോട്ടുകള്‍ സ്വീകരിക്കും.

© 2024 Live Kerala News. All Rights Reserved.