കെപി ശശികല ടീച്ചറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചു;വല്ലപ്പുഴ സ്‌കൂളിന് ഇന്ന് അവധി;സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് അധ്യാപകര്‍

വല്ലപ്പുഴ: ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ വല്ലപ്പുഴ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്താഞ്ഞതോടെ ഇന്ന് ക്ലാസ്സുകള്‍ക്ക് അവധി പ്രഖാപിച്ചു സ്‌കൂള്‍ അധികൃതര്‍. തുടര്‍ന്ന് അധ്യാപകര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാര്‍ രംഗത്ത്. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വല്ലപ്പുഴയിലെ ജനകീയ പ്രതികരണ വേദി രംഗത്ത് എത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് വിദ്യാര്‍ത്ഥികളുടെ ബഹിഷ്‌ക്കരണം. വല്ലപ്പുഴയെ പാകിസ്ഥാനെന്ന് വിളിച്ച് ആക്ഷേപിച്ച ശശികലയെ സ്‌കൂളില്‍ ബഹിഷ്‌കരിക്കാനും വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളിലെ മതിലുകളില്‍ ശശികലയ്ക്ക് എതിരായി നോട്ടീസുകളും പതിച്ചിട്ടുണ്ട്. എന്നാല്‍ വല്ലപ്പുഴയും ഗ്രാമവും പാക്കിസ്ഥാന്‍ ആണെന്ന തന്റെ നിലപാടില്‍ മാറ്റമൊന്നും ഇല്ലെന്ന് ശശികല വീണ്ടും ആവര്‍ത്തിച്ചിരുന്നു. സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ കിടക്കാനും താന്‍ തയ്യാറാണെന്നായിരുന്നു കഴിഞ്ഞ ദിവസം ശശികല പ്രതികരിച്ചത്. അതേസമയം ശശികലയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് വല്ലപ്പുഴയില്‍ കഴിഞ്ഞ ദിവസം ജനകീയ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ശശികലമാരെ പോലെയുള്ള ടീച്ചര്‍മാരെ നിലനിര്‍ത്തുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നും വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന ആര്‍.എസ്.എസിനെ പ്രചോദിപ്പിക്കുന്നത് ശശികലയാണെന്നും ജനകീയ പ്രതികരണ വേദി പറയുന്നു. ശശികലയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ നവമാധ്യമങ്ങളിലൂടെയടക്കം സജീവമാകുന്നതിനിടയിലാണ് നാട്ടുകാരുടെ പ്രതിഷേധം. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

© 2024 Live Kerala News. All Rights Reserved.