ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് വൃന്ദ കാരാട്ട്;പേര് വെളിപ്പെടുത്തിയത് തെറ്റ്;കേസ് ഒതുക്കാന്‍ സിപിഎമ്മുകാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ നടപടി ആവശ്യപ്പെടും

ന്യൂഡല്‍ഹി: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കേസ് ഒതുക്കാന്‍ സിപിഎമ്മുകാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ നടപടി ആവശ്യപ്പെടും.ബലാത്സംഗക്കേസിലെ ഇരയുടെ പേരു പരസ്യപ്പെടുത്തരുതെന്നാണ് സിപിഎം നിലപാട്. പേരു വെളിപ്പെടുത്തിയ നടപടി തെറ്റാണ്. അത് അംഗീകരിക്കാനാകില്ല. ഇത്തരം തെറ്റു ചെയ്യുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും വൃന്ദ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്തെ രണ്ട് വര്‍ഷം യുവതിക്ക് നീതി ലഭിച്ചില്ല എന്നതും ഗൗരവമുള്ള കാര്യമാണ്. ആരോപണം ഉയര്‍ന്ന ഉടന്‍ പാര്‍ട്ടി നടപടിയെടുത്തു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടുണ്ട്. ഇനി ഈ വിഷയം പാര്‍ട്ടി ചര്‍ച്ചചെയ്യേണ്ടതില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. പീഡനക്കേസില്‍ ആരോപണ വിധേയനായ ജയന്തനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാധാകൃഷ്ണന്‍  ഇരയുടെയും അവരുടെ ഭര്‍ത്താവിന്റെയും പേര് പരസ്യമാക്കിയത്. ആരോപണം നേരിടുന്ന ജയന്തന്റെ പേരു പറയാമെങ്കില്‍ അത് ഉന്നയിച്ചവരുടെ പേര് പറയുന്നതില്‍ എന്താണ് കുഴപ്പം എന്നായിരുന്നു രാധാകൃഷ്ണന്റെ നിലപാട്. കെ.രാധാകൃഷ്ണനെ പിന്തുണച്ച് രംഗത്തെത്തിയ മന്ത്രി കെ.കെ.ശൈലജയുടെ നിലപാടും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഇതിനിടെയാണ് രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് വൃന്ദ കാരാട്ട് രംഗത്തെത്തിയത്.

© 2024 Live Kerala News. All Rights Reserved.