ദേശീയ മനുഷ്യാവകാശ കമ്മീഷനെയും കേന്ദ്രസര്‍ക്കാര്‍ കാവി വത്കരിക്കുന്നു;അംഗമാക്കുന്നത് ബിജെപി ഉപാധ്യക്ഷന്‍ ;ചരിത്രത്തില്‍ ആദ്യമായാണ് മനുഷ്യാവകാശ കമ്മിഷനില്‍ രാഷ്ട്രീയ നിയമനം

ന്യൂഡല്‍ഹി:രാജ്യത്ത് ആദ്യമായി ദേശീയ മനുഷ്യാവകാശ കമ്മീഷനെയും കേന്ദ്രസര്‍ക്കാര്‍ കാവി വത്കരിക്കുന്നു. കമ്മീഷനില്‍ രണ്ട് വര്‍ഷമായി നികത്തപ്പെടാതെ കിടന്ന ഒഴിവിലേക്കാണ് സജീവ രാഷ്ട്രീയക്കാരനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നത്.ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അവിനാഷ് റായി ഖന്നയെയാണ് കമ്മിഷന്‍ അംഗമാക്കുന്നത്. ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ അവിനാഷ് പാര്‍ട്ടിയില്‍ ജമ്മുകശ്മീരിന്റെ ചുമതലയുള്ള നേതാവാണ്.ചരിത്രത്തില്‍ ആദ്യമായാണ് മനുഷ്യാവകാശ കമ്മിഷനില്‍ രാഷ്ട്രീയ നിയമനം. കോണ്‍ഗ്രസ് നേതാക്കളായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍ എന്നിവരടങ്ങിയ സമിതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് തീരുമാനം. സമിതിയുടെ യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ എതിര്‍ത്തില്ലെന്നാണ് വിവരം.പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനം നടത്തുക. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവര്‍ ചേര്‍ന്നതാണ് സമിതി. കഴിഞ്ഞ മാസം അവസാനം സമിതി യോഗം ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്ക് നിയമനത്തിനുള്ള പേരിന് അംഗീകാരം നല്‍കി. മറ്റ് പേരുകളും ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും ഖന്നയുടെ പേര് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്ന് സമിതിയിലെ ഒരംഗം ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.