നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ ഹൈദ്രോസ് തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു;മുലപ്പാല്‍ നിഷേധിച്ചത് തങ്ങളുടെ നിര്‍ദേശപ്രകാരം

മുക്കം: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മന്ത്രവാദിയെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.കള്ളന്തോട് ഹൈദ്രോസ് തങ്ങളാണ് അറസ്റ്റിലായത്. ബാലവകാശ നിയമം 75/ 87 വകുപ്പുപ്രകാരമാണ് അറസ്റ്റ്. നവജാത ശിശുവിന്റെ ജന്മാവകാശങ്ങള്‍ നിഷേധിച്ചു എന്നാണ് ഇയാള്‍ക്കെതിരെ കേസ്. ചോദ്യം ചെയ്യാനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞിന്റെ അച്ഛനെ നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് തടഞ്ഞെന്നു കാട്ടി ആശുപത്രിയിലെ നഴ്‌സ് നല്‍കിയ പരാതിയിലാണ് തങ്ങളെയും കുഞ്ഞിന്റെ പിതാവ് അബൂബക്കറിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതില്‍ നിന്ന് നഴ്‌സിനെയും കുഞ്ഞിന്റെ അമ്മയെയും തടഞ്ഞത് ഹൈദ്രോസ് തങ്ങള്‍ നിര്‍ദേശിച്ച പ്രകാരമായിരുന്നു.ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ മുക്കം ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് ബാങ്ക് വിളി കഴിയാതെ മുലപ്പാല്‍ കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് സിദ്ദിഖ് മുലപ്പാല്‍ കൊടുക്കുന്നത് വിലക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അടക്കം ഇടപെട്ട് സിദ്ദിഖിനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. പിതാവിന്റെ അന്ധ വിശ്വാസത്താല്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസവിച്ച കുഞ്ഞിന് വ്യാഴാഴ്ച പന്ത്രണ്ടരയ്ക്ക് ശേഷമാണ് മുലപ്പാല്‍ നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.