സിപിഎം നേതാവ് സക്കീര്‍ ഹുസൈന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍;രാഷ്ട്രീയ നേതാവിന് ഗുണ്ടാബന്ധമെന്തിനെന്ന് സര്‍ക്കാര്‍

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും സിപിഎം കളമശേരി ഏരിയ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍. രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാബന്ധം ന്യായീകരിക്കാനാവില്ല എന്നാണ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്.എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് നിലപാട് അറിയിച്ചത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. നാളെ വിധിപറയും. സക്കീറിന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സാമൂഹ്യ വിരുദ്ധ നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങളില്‍ നിന്നും അകറ്റുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അതെസമയം സംഭവത്തില്‍ ഇരുകൂട്ടരോടും സംസാരിക്കുക മാത്രമാണ് സക്കീര്‍ ചെയ്തതെന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ച അഭിഭാഷകന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സക്കീറിന്റെ പേരില്ലെന്നും, തട്ടിക്കൊണ്ട് പോകല്‍ പരാതിയില്ലെന്നും ഇയാള്‍ കോടതിയില്‍ വിശദമാക്കി. അതെസമയം സക്കീര്‍ ഹുസൈനെതിരെയുളള നടപടികളും മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്യാനായി എറണാകുളത്ത് വിളിച്ചുചേര്‍ത്ത സിപിഐഎം ജില്ലാകമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ പുരോഗമിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.