ടി.വി. അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റി; നവജ്യോത് ഖോസയാണ് പുതിയ കമ്മീഷണര്‍; തീരുമാനം മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: ടി.വി. അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റി. നവജ്യോത് ഖോസയാണ് പുതിയ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍. അനുപമയെ സോഷ്യല്‍ ജസ്റ്റീസ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. വിമുക്തി പദ്ധതിയുടെ അധികചുമതലയും അവര്‍ക്കുണ്ടാകും.കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ അധിക ചുമതല നവജ്യോതഖോസക്കുണ്ടാവും. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയിരിക്കെ അനുപമ കൈക്കൊണ്ട നടപടികള്‍ കറിപൌഡര്‍ കമ്പനികളുടെയും കീടനാശിനി കമ്പനികളുടെയും എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. അതുകൊണ്ട് തന്നെ അനുപമക്കെതിരെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ രംഗത്ത് വന്നിരുന്നു. വിഷപച്ചക്കറികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ കീടനാശിനി കമ്പനികള്‍ അനുപമക്കെതിരെ രംഗത്തെത്തിയിരുന്നു. കറിപൗഡറുകളില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിറപറ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു. ഇതേ തുടര്‍ന്ന് നിറപറ കമ്പനി അനുപമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. അനുപമയെ മാറ്റാന്‍ അന്ന് തന്നെ സമ്മര്‍ദ്ദം ആരംഭിച്ചെങ്കിലും സത്യസന്ധമായ നടപടിയിലൂടെ അനുപമ ആര്‍ജിച്ച ജനപിന്തുണ നടപടി എടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടഞ്ഞു.വന്‍കിട ഹോട്ടലുകള്‍ക്കെതിരെയും അനുപമ നടപടി സ്വീകരിച്ചിരുന്നു. ഇതും ഏറെ ജനപിന്തുണ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ അധിക ചുമതലയും ഇദ്ദേഹത്തിനാണ്. സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറായി വി. രതീശനെയും പഞ്ചായത്ത് ഡയറക്ടറായി പി. ബാലകിരണിനെയും നിയമിച്ചിട്ടുണ്ട്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനങ്ങള്‍. വി.രതീശനാണ് പുതിയ സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍. പി ബാലകിരണിനെ പഞ്ചായത്ത് ഡയറക്‌റായി നിയമിച്ചു. കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ടിന്റെ അധിക ചുമതലയും ബാലകിരണിന് നല്‍കിയിട്ടുണ്ട്. മിനി ആന്റണിയാണ് പുതിയ സിവില്‍ സപ്ലൈസ് കമ്മീഷണര്‍.

© 2024 Live Kerala News. All Rights Reserved.