ഏലൂര്‍ എച്ച്‌ഐഎല്‍ കമ്പനിയില്‍ പൊട്ടിത്തെറി;12 പേര്‍ക്കു പരുക്ക്‌;രണ്ടുപേരുടെ നില ഗുരുതരം; അപകടം ടാങ്കറില്‍ നിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെ

കൊച്ചി: കളമശ്ശേരി ഏലൂര്‍ എച്ച്‌ഐഎല്ലില്‍ (ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ്) ഫാക്ടറിയില്‍ പൊട്ടിത്തെറി. 12 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവര്‍ക്ക് അന്‍പതു ശതമാനത്തില്‍ അധികം പൊള്ളലേറ്റതായാണ് വിവരം. കാര്‍ബണ്‍ഡൈ സള്‍ഫര്‍ ചോര്‍ന്നാണ് തീപിടുത്തമുണ്ടായത്. തീപിടുത്തെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയും ഉണ്ടായി. ടാങ്കറിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.ഗണപതി, പോള്‍, ജോണ്‍, സിജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മറ്റുള്ളവരുടെ പേര് പുറത്തുവന്നിട്ടില്ല. പ്ലാന്റിലെ മാനേജര്‍ക്കും പരുക്കേറ്റിട്ടുണ്ട്.ടാങ്കറില്‍ നിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇസ്രയേലില്‍ നിന്ന് എത്തിച്ച വാതകമാണ് ഇത്. കപ്പലില്‍ എത്തിച്ച ശേഷം ലോറിയിലേക്ക് വാതകം മാറ്റി. അതിന് ശേഷം കളമശ്ശേരിയിലെ പ്ലാന്റില്‍ എത്തിച്ചതായിരുന്നു.വാതകം മാറ്റുന്നതിനിടെയാണ് ഇത് ചോര്‍ന്നത്. വാതകം മാറ്റുന്നതിനായി ലോറിക്ക് സമീപം നിന്നവര്‍ക്കാണ് പരിക്കേറ്റത്. പിന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ച് ദേഹത്തേക്ക് വീണാണ് പലര്‍ക്കും പരിക്കേറ്റത്. ഇപ്പോള്‍ ടാങ്കര്‍ തണുപ്പിച്ച് ടാങ്കറില്‍ ബാക്കിയുള്ള വാതകം മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അതേസമയം ഇത്രയും അപകടകരമായ വാതകം മാറ്റുമ്പോള്‍ എടുക്കേണ്ട ഒരു മുന്‍കരുതലും എടുത്തിട്ടില്ലെന്നും ഗുരുതരസുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നുമാണ്് റിപ്പോര്‍ട്ടുകള്‍.

© 2024 Live Kerala News. All Rights Reserved.