‘കുട്ടികളുണ്ട് സൂക്ഷിക്കുക’ റിലീസ് നീട്ടിയത് പുലിമുരുകനെ പേടിച്ച്; മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ്; വിശദീകരണവുമായി കലവൂര്‍ രവികുമാര്‍

‘കുട്ടികളുണ്ട് സൂക്ഷിക്കുക’ എന്ന ചിത്രത്തിന്റെ റിലീസ് നവംബറിലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.പ്രശസ്ത തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. റിലീസ് നവംബറിലേക്ക് നീട്ടിവെച്ചതിന് കാരണം മോഹന്‍ലാലിനെ പേടിച്ചാണെന്ന് കലവൂര്‍ തുറന്നു പറയുന്നു.
‘എന്തൊരു മഹാവിജയമാണ് ഈ മോഹന്‍ലാല്‍ ചിത്രം നേടിയിരിക്കുന്നത്. പ്രിയ സുഹൃത്തും തിരക്കഥാകൃത്തുമായ ഉദയ് കൃഷ്ണയ്ക്കും സംവിധായകന്‍ വൈശാഖിനും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനും ഉള്ളു നിറഞ്ഞ സ്‌നേഹം, അഭിനന്ദനങ്ങള്‍ പുലിമുരുകനെ തരംഗമാക്കിയ മഹാനടന് പ്രത്യേകം. തിയേറ്റര്‍ എന്നോ വിട്ട മദ്ധ്യവയസ്സുകരെ പോലും പൊരിവെയിലത്തു ക്യൂ നിര്‍ത്തിയ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ മാജിക്കിന് മുന്നില്‍ നമിക്കാതെ വയ്യെന്നും രവികുമാര്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആദ്യം ക്ഷമ ചോദിക്കട്ടെ.

‘കുട്ടികളുണ്ട് സൂക്ഷിക്കുക’ എന്ന എന്റെ ചിത്രത്തിന്റെ റിലീസ് നവംബര്‍ പകുതി കഴിഞ്ഞേ ഉണ്ടാവൂ. വേണമെങ്കില്‍ സാങ്കേതിക കാരണം എന്നൊക്കെ പറയാം. സത്യം അതല്ല കേട്ടോ. പുലിമുരുകനോടുള്ള ബഹുമാനാര്‍ത്ഥമാണ്. പുലിയെ പേടിച്ചാണെന്ന് ഇപ്പോള്‍ നിങ്ങള്‍ കളിയാക്കുമായിരിക്കും. അങ്ങനെയെങ്കില്‍ മോഹന്‍ലാലിനെ പേടിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല എന്നാണ് മറുപടി.

‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്നൊരു പുസ്തകം തന്നെ ഞാന്‍ എഴുതിയിട്ടുണ്ട്. എന്തായാലും എന്തൊരു മഹാവിജയമാണ് ഈ മോഹന്‍ലാല്‍ ചിത്രം നേടിയിരിക്കുന്നത്. പ്രിയ സുഹൃത്തും തിരക്കഥാകൃത്തുമായ ഉദയ് കൃഷ്ണയ്ക്കും സംവിധായകന്‍ വൈശാഖിനും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനും ഉള്ളു നിറഞ്ഞ സ്‌നേഹം, അഭിനന്ദനങ്ങള്‍ പുലിമുരുകനെ തരംഗമാക്കിയ മഹാനടന് പ്രത്യേകം. തിയേറ്റര്‍ എന്നോ വിട്ട മദ്ധ്യവയസ്സുകരെ പോലും പൊരിവെയിലത്തു ക്യൂ നിര്‍ത്തിയ നിങ്ങളുടെയെല്ലാം മാജിക് ഉണ്ടല്ലോ അതിനു മുന്നില്‍ നമിക്കാതെ വയ്യ. ഇനിയും ഇനിയും ഈ ചിത്രം കളക്ഷന്‍ നേടട്ടെ. സന്തോഷം.

ഈ കൊടുങ്കാറ്റിനിടയില്‍ ഞങ്ങളുടെ കൊച്ചു ചിത്രം ഒന്നു രണ്ടാഴ്ച മാറ്റി വെക്കുന്നതു തന്നെയല്ലേ ഉചിതം. ഉള്ളു തുറന്നു ചിരിക്കാവുന്ന ആവേശം തോന്നുന്ന കുട്ടികളുടെ ത്രില്ലറാണു എന്റെ ചിത്രമെന്നു ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ
എന്തായാലും ചിത്രം റിലീസ് ചെയ്യുമ്പോള്‍ പുലിമുരുകന്റെ ആരാധകരും ഞങ്ങളുടെ ചിത്രം കാണാന്‍ വരുമെന്നു ആശിക്കുന്നു. സത്യത്തില്‍ ‘പുലിമുരുക’നു വളരെ ഇഷ്ടമാകുന്ന ചിത്രമാകും ഇത്. അതിനൊരു കാരണമുണ്ട്. പിന്നാലെ പറയാം.

ഒരിക്കല്‍ കൂടി എന്റെ സുഹൃത്തുക്കളോടു ക്ഷമ ചോദിക്കുന്നു. ചിത്രം എത്തുമ്പോള്‍ തിയേറ്ററില്‍ ഉണ്ടാവണമെന്നു ആവര്‍ത്തിക്കുന്നു.

പിന്നെയും പുലിമുരുകനു നിറഞ്ഞ അഭിവാദ്യങ്ങള്‍.

© 2024 Live Kerala News. All Rights Reserved.