ഇരുമ്പയിര്‍ ഖനന അഴിമതി കേസ്; യെദ്യൂരപ്പയെ സിബിഐ കോടതി വെറുതെ വിട്ടു;നീതി നടപ്പായെന്ന് യെദ്യൂരപ്പ

ബാംഗ്ലൂര്‍: ഇരുമ്പയിര്‍ ഖനന അഴിമതി കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ വെറുതെ വിട്ടു. യെദ്യൂരപ്പയുടെ രണ്ടു മക്കള്‍ ഉള്‍പ്പെടെ 12 പേരെയും ബാംഗ്ലൂര്‍ സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടു.ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് മുഴുവന്‍പേരെയും കോടതി വെറുതെ വിട്ടത്. ജെ.എസ്.ഡബ്ലിയു  കമ്പനിയുമായി ബന്ധമുള്ള സൗത്ത് വെസ്റ്റ് മൈനിങ്ങ് കമ്പനിയ്ക്ക്അനധികൃതമായി ഖനനാനുമതി നല്‍കാന്‍  യെദ്യൂരപ്പയുടെ കുടുംബ ട്രസ്റ്റ് 40 കോടി രൂപ കൈപ്പറ്റിയെന്ന കേസിലാണ്  വിധി വന്നത്. നീതി നടപ്പായെന്നും കോടതി തന്നെ കുറ്റവിമുക്തനാക്കിയെന്നും യെദ്യൂരപ്പ പ്രതികരിച്ചു. യെദ്യൂരപ്പയ്‌ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് അഭിഭാഷകനായ സിവി നാഗേഷ് പറഞ്ഞു. 2006-2011 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുടുംബ ട്രസ്റ്റ് പണം കൈപ്പറ്റിയെന്ന ലോകായുക്താ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. മാത്രമല്ല കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2011 ല്‍ യെദ്യൂരപ്പയെ കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചു. മൂന്നാഴ്ച ജയിലില്‍ കിടക്കേണ്ടി വന്ന യെദ്യൂരപ്പ ജാമ്യമെടുത്ത് പുറത്തിറങ്ങുകയായിരുന്നു. കര്‍ണാടക ബി.ജെ.പി അധ്യക്ഷനായ യെദ്യൂരപ്പയ്‌ക്കെതിരായ അഴിമതിക്കേസ് സി.ബി.ഐ കോടതി തള്ളിക്കളഞ്ഞത് ബി.ജെ.പിയെയും യെദ്യൂരപ്പയെയും സംബന്ധിച്ച് വലിയ രാഷ്ട്രീയ നേട്ടമാണ് സംസ്ഥാനത്തുണ്ടാക്കുക.

© 2024 Live Kerala News. All Rights Reserved.