ക്രിസ്തുമസിന് വീണ്ടും താരയുദ്ധം? മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ ഒരേ ദിവസം തീയറ്ററുകളില്‍

പുലിമുരുകനും തോപ്പില്‍ ജോപ്പനും പിന്നാലെ ബോക്‌സ് ഓഫീസില്‍ വീണ്ടും മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നു.മോഹന്‍ലാല്‍ ചിത്രമായ ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ഒരുക്കുന്നത് വെള്ളിമൂങ്ങയിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബാണ്. നവാഗതനായ ഫനീഫ് അദേനിയാണ് ‘ദ ഗ്രേറ്റ് ഫാദറിന്റെ’ സംവിധായകന്‍. ക്രിസ്തുമസ് റിലീസായാണ് രണ്ടു ചിത്രങ്ങളും പ്രേക്ഷരിലേക്ക് എത്തുന്നത്. ഡിസംബര്‍ 22നാണ് ചിത്രങ്ങള്‍ തീയേറ്ററിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴി’ന്റെ റിലീസ് ഡേറ്റ് നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസാണ് ‘ദി ഗ്രേറ്റ് ഫാദര്‍’ നിര്‍മ്മിക്കുന്നത്.

zzz-movie
വി.ജെ.ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എം.സിന്ധുരാജിന്റേതാണ്. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാലും ഭാര്യ, ആനി എന്ന കഥാപാത്രമായി മീനയും എത്തുന്നു. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിച്ചെത്തുന്ന ചിത്രവുമാണ് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’.പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഗ്രേറ്റ് ഫാദര്‍ ഒരു ഫാമിലി ത്രില്ലറാകുമെന്നാണ് സൂചന. വലിയ പ്രതീക്ഷകളാണ് ഇരു ചിത്രങ്ങളും ഉണ്ടാക്കുന്നത്. വീണ്ടുമൊരു താരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് മലയാള ചലച്ചിത്രലോകം.

© 2024 Live Kerala News. All Rights Reserved.