തളിക്ഷേത്രത്തിന് സമീപം നോണ്‍വെജിറ്റേറിയന്‍ ഹോട്ടല്‍ അനുവദിക്കില്ല; പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

കോഴിക്കോട്: തളിക്ഷേത്രത്തിന് സമീപത്തെ ഹോട്ടലുകളില്‍ മാംസാഹാരങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമായി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍  ഹോട്ടലുകളുടെ സമീപത്ത് പോസ്റ്ററുകള്‍ ഒട്ടിച്ചു. പാളയത്ത് തളി റോഡില്‍ തുടങ്ങാനിരിക്കുന്ന ഹോട്ടലിനെതിരെയാണ് ഹിന്ദുഐക്യവേദിയുടെ പ്രതിഷേധം. കന്യകാ പരമേശ്വരി ക്ഷേത്രം, മഹാഗണപതി ബാല സുബ്രഹ്മണ്യ ക്ഷേത്രം, രേണുകാ മാരിയമ്മന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ക്ക് നടുവില്‍ ആര്‍ക്ക് വേണ്ടിയാണ് ഒരു നോണ്‍വെജിറ്റേറിയന്‍ ഹോട്ടല്‍? കോഴിക്കോട്ടെ ക്ഷേത്രങ്ങള്‍ക്കെല്ലാം പൂജാദ്രവ്യങ്ങള്‍ നല്‍കുന്ന വ്യാപാര സ്ഥാപനങ്ങളെയും പൂജാദ്രവ്യങ്ങള്‍ വാങ്ങുന്ന ക്ഷേത്രങ്ങളേയും അശുദ്ധമാക്കുന്ന ഈ ഹോട്ടലിനെതിരെ ഭക്തജനങ്ങള്‍ പ്രതിഷേധിക്കണമെന്നും ഹിന്ദു ഐക്യവേദി പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അതേസമയം ഇക്കാലമത്രയും ക്ഷേത്ര ആചാരങ്ങളേയോ ഭക്തരെയോ സമീപത്തെ ഹോട്ടലുകള്‍ ഒരുതരത്തിലും ബാധിക്കുന്നതായി പരാതിയൊന്നും ഉയര്‍ന്നിരുന്നില്ല. വിവിധ ക്ഷേത്രകമ്മിറ്റികള്‍ക്ക് പോലും ഇക്കാര്യത്തില്‍ എതിരഭിപ്രായവുമില്ലെന്നിരിക്കെയാണ് ഹിന്ദുഐക്യവേദിയും സംഘപരിവാറും ഹോട്ടലുകള്‍ക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇതേസ്ഥലത്ത് മൂന്ന് വര്‍ഷംമുന്‍പ് താന്‍ ഹോട്ടല്‍ നടത്തിയിരുന്നെന്നും എന്നാല്‍ അന്നൊന്നും യാതൊരു തരത്തിലുള്ള എതിര്‍പ്പും ഉണ്ടായിരുന്നില്ലെന്നും ഹോട്ടലുടമയായ ഹരിദാസ് പറയുന്നു. ഹോട്ടല്‍ വീണ്ടും തുടങ്ങുമെന്ന്് മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് വെജിറ്റേറിയന്‍ ഹോട്ടലാണോ നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലാണോ എന്ന് പോലും അന്വേഷിക്കാതെയാണ് ഹിന്ദുഐക്യവേദി ഹോട്ടലിനെതിരായി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നും ഹരിദാസ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.