തോപ്പില്‍ ജോപ്പനെതിരെ വ്യാജ പ്രചരണം; ചിത്രത്തിന്റെ വിജയത്തെ കുപ്രചരണങ്ങളിലൂടെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ജോണി ആന്റണി

കൊച്ചി:മമ്മൂട്ടി നായകനായ ‘തോപ്പില്‍ ജോപ്പന്‍’ എന്ന ചിത്രം ഉടന്‍ മിനി സ്‌ക്രീനില്‍ വരുന്നുയെന്ന് സോഷ്യല്‍ മീഡിയയിലൂടെ തെറ്റായി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംവിധായകന്‍ ജോണി ആന്റണി പറഞ്ഞു. ചിത്രത്തിന്റെ വിജയത്തെ കുപ്രചരണങ്ങളിലൂടെ തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ജോണി ആന്റണി വ്യക്തമാക്കി. നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ ഈ വിഷയത്തില്‍ സൈബര്‍ സെല്ലിനെ സമീപിക്കും. സ്വന്തം നിലയിലും ഇക്കാര്യം അന്വേഷിക്കും. ചിത്രത്തിന്റെ വിജയം തടയുക എന്ന ലക്ഷ്യമാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെന്നും ജോണി ആന്റണി ആരോപിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാലിന്റെ വൈശാഖ് ചിത്രം പുലിമുരുകന്റെ അതേ ദിവസം തീയറ്ററുകളിലെത്തിയത് തോപ്പില്‍ ജോപ്പനെ ബാധിച്ചിട്ടില്ലെന്നും ജോണി ആന്റണി പറഞ്ഞു.

തോപ്പില്‍ ജോപ്പന്‍ ഉടന്‍ ടെലിവിഷനിലെത്തുമെന്ന് കാണിച്ച് ഫെയ്‌സ്ബുക്കിലെ സിനിമാഗ്രൂപ്പുകളില്‍ ഞായറാഴ്ചയാണ് ഫോട്ടോഷോപ്പില്‍ തയ്യാറാക്കിയ ഒരു ഇമേജ് പ്രചരിച്ചത്. സൂര്യ ടിവിയില്‍ വരുന്ന അറിയിപ്പ് പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് എന്ന നിലയിലായിരുന്നു ചിത്രം. ഈ ഇമേജ് ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും പ്രചരിച്ചു. തീയറ്ററിലേക്ക് ഏറ്റവും കാണികള്‍ എത്തുന്ന ഞായറാഴ്ച തന്നെ ഇത്തരത്തില്‍ പ്രചാരണം നടന്നത് അണിയറക്കാരെ വിഷമിപ്പിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.