നരേന്ദ്രമോദിക്ക് ബലൂണില്‍ ഭീഷണിക്കത്ത് ;ഉറുദുവിലാണ് കത്ത് എഴുതിയിരിക്കുന്നത് ; ബലൂണുകള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറി

ഗുര്‍ദാസ്പൂര്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണിക്കത്തുമായി ബലൂണുകള്‍. ഉറുദുവിലാണ് കത്ത് എഴുതിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള രണ്ട് ബലൂണുകളാണ് ദിനനഗറിലെ ഗീസാല്‍ ഗ്രാമവാസികള്‍ക്ക് ലഭിച്ചത്. ‘മോദിജി, അയൂബിന്റെ വാള്‍ തങ്ങളുടെ പക്കല്‍ തന്നെ ഉണ്ട്, ഇസ്ലാം സിന്ദാബാദ്’ എന്നായിരുന്നു കത്തിലെ സന്ദേശം. ബലൂണുകള്‍ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. അതിര്‍ത്തി ജില്ലകളായ ഗുര്‍ദാസ്പൂര്‍, പഠാന്‍കോട്ട് എന്നിവിടങ്ങളില്‍ നിന്നു ഗ്രാമീണരെ ഒഴിപ്പിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ഇതിനു തൊട്ടുമുമ്പാണ് ഭീഷണി ബലൂണുകള്‍ കണ്ടെത്തിയത്. ഇന്ത്യ പാക്ക് ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് കത്തിനെ പോലീസ് കാണുന്നത്. ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍ സേനാമേധാവി ജനറല്‍ റഹീല്‍ ഷരീഫ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും കനത്ത ജാഗ്രത തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.