ന്യൂയോര്‍ക്ക്: അതിര്‍ത്തിയില്‍ ഇന്ത്യ – പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുമായി മധ്യസ്ഥതയ്ക്ക് തയാറാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 18ലെ ഉറി ആക്രമണവും നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമെല്ലാം ഉത്കണ്ഠയുണ്ടാക്കുന്നു. ഇരു രാജ്യങ്ങളും അംഗീകരിക്കുകയാണെങ്കില്‍ കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ സമാധാനം സൃഷ്ടിക്കുന്നതിനു നയതന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ തയാറാണ് ബാന്‍ കി മൂണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതിനിടെ, നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അഖ്‌നൂരിലെ പല്ലന്‍വാല സെക്ടറില്‍ ബിഎസ്എഫ് ക്യാംപുകള്‍ക്കു നേര്‍ക്ക് ഇന്നു പുലര്‍ച്ചെ വെടിവയ്പ്പുണ്ടായി. സൈന്യം ശക്തമായ തിരിച്ചടി നല്‍കി.