അഞ്ച് രാജ്യങ്ങള്‍ പിന്‍മാറി; പാക്കിസ്ഥാനിലെ സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ചു; പുതിയ തിയ്യതി നേപ്പാള്‍ തീരുമാനിക്കും

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ചു. ഇന്ത്യ,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ശ്രീലങ്കയും പിന്മാറിയ സാഹചര്യത്തിലാണ് ഉച്ചകോടി മാറ്റി വയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. മേഖലയിലെ അന്തരീക്ഷം ഇത്തരമൊരു ഉച്ചകോടിക്ക് അനുയോജ്യമല്ലെന്നാണ് ഉച്ചകോടിയില്‍ നിന്നും പിന്മാറി കൊണ്ട് ശ്രീലങ്ക പറഞ്ഞത്. ഭീകരവാദം ലോകത്തിന് ആകെ ഭീഷണിയാണെന്ന് ഇതു നേരിടാന്‍ ശക്തമായ നടപടിവേണമെന്നും ശ്രീലങ്കയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നവംബറിലായിരുന്നു സാര്‍ക് ഉച്ചകോടി നടത്തുവാന്‍ തീരുമാനിച്ചിരുന്നത്.ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ സ്വീകരിക്കുന്ന സമ്മര്‍ദ നടപടികളുടെ ഭാഗമാണ് ഉച്ചകോടി ബഹിഷ്‌കരണം.മറ്റ് അയല്‍രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനോട് യോജിച്ചത് പാകിസ്താന് തിരിച്ചടിയായിരിക്കുകയാണ്. 19ാം സര്‍ക്ക് ഉച്ചകോടി ഇനി എന്നാണ് നടത്തുന്നതെന്ന കാര്യം അധ്യക്ഷരാജ്യമായ നേപ്പാള്‍ തീരുമാനിക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് 1985ല്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ സഹകരണ പ്രസ്ഥാനമായ സാര്‍ക്കിലെ അംഗങ്ങള്‍.

© 2024 Live Kerala News. All Rights Reserved.