കരിയറിന്റെ ആദ്യകാലത്ത് മമ്മൂട്ടിയെ നായകനാക്കി ലണ്ടനില്‍ വെച്ചൊരു സിനിമയെടുക്കാന്‍ താന്‍ പ്ലാന്‍ ചെയ്തിരുന്നെന്നും എന്നാല്‍ അത് മുടങ്ങാന്‍ കാരണം ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നെന്നും പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.ഫേസ്ബുക്കിലൂടെയാണ് സത്യന്‍ അന്തിക്കാട് തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പണ്ട്, ലണ്ടനില്‍ വെച്ചൊരു സിനിമയെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകന്‍. അന്നും ഇന്നത്തെ പോലെ സൂപ്പര്‍ സ്റ്റാറാണ് മമ്മൂട്ടി. വിസയും ടിക്കറ്റുമൊക്കെ ഏര്‍പ്പാട് ചെയ്യാന്‍ സമയമായപ്പോള്‍ അദ്ദേഹം പറഞ്ഞു
‘ക്ഷമിക്കണം. ഈ സമയത്ത് വിദേശത്തേക്ക് വരുവാന്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം.’ കാരണം വളരെ ന്യായമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജന്‍മം നല്കാന്‍ പോകുന്നു. സിനിമയുടെ ഷെഡ്യുള്‍ കൃത്യം ആ സമയത്താണ്. ‘പ്രസവ സമയത്ത് ഞാന്‍ അടുത്തുണ്ടാവണം. അത് എന്റേയും ഭാര്യയുടെയും ആഗ്രഹമാണ്.’ ഞാന്‍ സമ്മതിച്ചു. അന്ന് ജനിച്ച കുഞ്ഞിന് മമ്മൂട്ടി ‘ദുല്‍ഖര്‍ സല്‍മാന്‍’ എന്ന് പേരിട്ടു. അതിശയം തോന്നുന്നു. ആ കുഞ്ഞാണ് എന്റെ പുതിയ സിനിമയിലെ നായകന്‍. അനായാസമായ അഭിനയത്തിലൂടെ ദുല്‍ഖര്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. അത് കാണാന്‍ പ്രേക്ഷകര്‍ ക്രിസ്മസ് വരെ കാത്തിരിക്കണം. ‘ജോമോന്റെ സുവിശേഷങ്ങള്‍’ ചിത്രീകരണം തുടരുകയാണ്.