ന്യൂഡല്‍ഹി: ഇന്ത്യാ പാക് സംഘര്‍ഷം കടുത്ത സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ബിഎസ്എഫിന്് കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ അതിര്‍ത്തിയില്‍ വ്യോമ കമാന്‍ഡ് കൂടി ആരംഭിക്കാനുള്ള നീക്കമാണ് ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളുന്നത്. തീര സംരക്ഷണ സേന മാതൃകയില്‍ ആരംഭിക്കുന്ന ഈ പദ്ധതിക്കായി സിവില്‍ ഏവിയേഷന്‍, പ്രതിരോധം, തീര സംരക്ഷണ സേന തുടങ്ങിയ മന്ത്രാലയങ്ങളില്‍ നിന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രി രാജനാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. നിലവില്‍ ബിഎസ്എഫിന് സ്വന്തമായി വ്യോമവിഭാഗം ഉണ്ടെങ്കിലും പൂര്‍ണമായ നിയന്ത്രണം ഇല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. വ്യോമസേനയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്ന പൈലറ്റുമാരാണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഈ പദ്ധതി സംബന്ധിച്ച് തീരുമാനം ഉണ്ടാകുകയാണെങ്കില്‍ ഇനിമുതല്‍ ബിഎസ്എഫിന് സ്വതന്ത്രമായി വ്യോമ വിഭാഗം നിയന്ത്രിക്കാന്‍ സാധിക്കും. പാകിസ്ഥാനുമായുള്ള 2,500 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക, മയക്കുമരുന്ന് കടത്തും നുഴഞ്ഞുകയറ്റവും കൂടുതല്‍ നടക്കുന്നതും പാക് അതിര്‍ത്തിയിലാണ്. മാത്രമല്ല പാക് അതിര്‍ത്തിയിലുള്ള ബി.എസ്.എഫ് ഔട്ട്‌പോസ്റ്റുകളെ ആധുനികവല്‍ക്കരിക്കാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.