ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ആദ്യ പരസ്യ സംവാദത്തില്‍ ഹില്ലരി ക് ളിന്റണും ഡൊണാള്‍ഡ് ട്രംപും കൊമ്പുകോര്‍ത്തു. രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു സംവാദത്തില്‍ ആദ്യ ചോദ്യം. ഈ വിഷയത്തില്‍ രണ്ടു പേരും വ്യത്യസ്ഥ നിലപാടാണ് സ്വീകരിച്ചത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ജനതയുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നു. ഇതു തടയാനുള്ള നടപടികള്‍ സ്വീകരിക്കും. നികുതി ഇളവ് നല്‍കി വലിയ കമ്പനികളെ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോകുന്നത് തടയും എന്നായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഈ ചോദ്യത്തിന് ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന്‍ പറഞ്ഞത് പണക്കാരനെയും പാവപ്പെട്ടവനെയും തുല്യരായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് സ്വപ്നമെന്ന്. സ്ത്രീകള്‍ക്ക് തുല്യ വേതനം, അടിസ്ഥാന വേതനത്തില്‍ വര്‍ധന എന്നിവയാണ് എന്റെ സ്വപ്നം. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ട്രംപ് പണക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഹിലറി പറഞ്ഞു. നികുതി ഇളവും നികുതി വര്‍ധനവും സംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍ വര്‍ഷങ്ങളായി നികുതി അടയ്ക്കാതെ ട്രംപ് നികുതി വെട്ടിപ്പ് നടത്തുന്നുവെന്നായിരുന്നു ഹിലറിയുടെ പരാമര്‍ശം. ഇതു ട്രംപിനെ പ്രകോപിതനാക്കി. പരാമര്‍ശത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ ഹിലറി അതില്‍നിന്നും ഒഴിഞ്ഞുമാറി. യാഥാര്‍ഥ്യമില്ലാത്ത ചില കാര്യങ്ങള്‍ പതിവു രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ ഹിലറി പറയുന്നതായും ഹിലറിക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച ദിശാബോധമോ അതേക്കുറിച്ച് വ്യക്തമായ പദ്ധതികളോ ഇല്ലെന്നായിരുന്നു ട്രംപ് തിരിച്ചടിച്ചു. മധ്യപൂര്‍വ ദേശത്തെ ഇടപെടലുകളുടെ പേരില്‍ ഒബാമ സര്‍ക്കാരിനെതിരെ ട്രംപ് രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഐഎസിനെ സൃഷ്ടിച്ചത് ഒബാമയും ഹില്ലരിയുമാണെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍ ഇറാഖ് അധിനിവേശം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനമായിരുന്നെന്ന് ഹിലറി തിരിച്ചടിച്ചു. കറുത്തവര്‍ഗക്കാരോട് മാറിമാറി വന്ന സര്‍ക്കാരുകള്‍ അനീതി കാണിച്ചു. ഇതാണ് അവരെ തോക്ക് എടുപ്പിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. നീതിന്യായവ്യവസ്ഥയുടെ കുഴപ്പമാണ് കറുത്തവര്‍ഗക്കാരെ അസ്വസ്ഥരാക്കുന്നത് എന്നായിരുന്നു ഹില്ലരിയുടെ പക്ഷം.