ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണമെന്ന് യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സുഷമ സ്വരാജ് പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ചില രാജ്യങ്ങള്‍ ഭീകരത ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ഇത്തരം രാജ്യങ്ങള്‍ക്കു ലോകത്തു സ്ഥാനമുണ്ടാകില്ല സുഷമ പറഞ്ഞു. പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞായിരുന്നു സുഷമയുടെ പ്രസംഗം. കാശ്മീര്‍ പ്രശ്‌നം മാത്രം ഉയര്‍ത്തി പ്രസംഗിച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനുള്ള കടുത്ത മറുപടി നല്‍കി സുഷമ. കാശ്മീര്‍ ഇന്ത്യയുടേതാണ്. കാശ്മീര്‍ എന്നും ഇന്ത്യയുടേതായിരിക്കും. കാശ്മീരിനെ ഇന്ത്യയില്‍നിന്ന് ആര്‍ക്കും വേര്‍പ്പെടുത്താനാകില്ല. കാശ്മീര്‍ എന്ന സ്വപ്നം പാക്കിസ്ഥാന്‍ ഉപേക്ഷിക്കണം. പാക്കിസ്ഥാനോട് സൗഹൃദം കാട്ടിയപ്പോള്‍ തിരികെ കിട്ടിയത് ഭീകരതയാണെന്നും സുഷമ ആരോപിച്ചു. ഉറി, പത്താന്‍കോട്ട് ഭീകരാക്രമണവും ബലൂചിസ്ഥാന്‍ വിഷയവും സുഷമ യു.എന്നില്‍ ഉന്നയിച്ചു. ഭീകരത മനുഷ്യാവകാശങ്ങളുടെ വലിയ ലംഘനമാണ്. ഭീകരവാദത്തിനും ഭീകരര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നത് ആരാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അഫ്ഗാനിസ്ഥാനില്‍ ഉന്നയിച്ചതും ഇതേ ചോദ്യമായിരുന്നു. ഭീകരര്‍ക്ക് അഭയം നല്‍കുന്നത് ആരാണ്? സുഷമ ചോദിച്ചു. ഭീകരവാദത്തെ വേരോടെ പിഴുതുകളയണം. മാനവികതയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം. ബലൂചിസ്ഥാനിലെ ക്രൂരതകളെക്കുറിച്ച് പാക്കിസ്ഥാന്‍ ആത്മപരിശോധന നടത്തണം. ഇതിനുള്ള ജീവിച്ചിരിക്കുന്ന തെളിവാണ് ബഹാദുര്‍ അലിയെന്നും സുഷമ പറഞ്ഞു.