ശ്രീഹരിക്കോട്ട: സ്‌കാറ്റ്‌സാറ്റ് 1 ഉള്‍പ്പടെ എട്ട് ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ വിജയകരമായി എത്തിച്ച് പിഎസ്എല്‍വി സി35. ഇന്നു രാവിലെ 9.12 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ഐഎസ്ആര്‍ഒ ആദ്യമായാണ് ഇത്തരമൊരു ദൗത്യം നടപ്പാക്കുന്നത്. വിക്ഷേപിച്ച് 17 മിനിറ്റ് കഴിഞ്ഞ് സ്‌കാറ്റ്‌സാറ്റിനെ 730 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു. അതോടെ വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയിച്ചു. സാധാരണഗതിയില്‍ വിക്ഷേപണ ദൗത്യം ഇതോടെ തീരും. എന്നാല്‍, ഇത്തവണ ബാക്കി ഏഴ് ഉപഗ്രഹങ്ങളെ 639 കിലോമീറ്റര്‍ അകലെയുള്ള രണ്ടാമത്തെ ഭ്രമണപഥത്തില്‍ എത്തിക്കേണ്ടിയിരുന്നു. രാവിലെ 11.25 ഓടെ ബാക്കിയുള്ള ഏഴ് ഉപഗ്രഹങ്ങളെയും രണ്ടാമത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു. ഇതോടെ ഇരട്ടവിക്ഷേപണം പൂര്‍ണവിജയമായി. ലക്ഷ്യമിട്ടതുപോലെ 2 മണിക്കൂര്‍ 15 മിനിറ്റുകൊണ്ടാണ് ഇരട്ടദൗത്യം പൂര്‍ത്തിയത്. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും ദൗര്‍ഘ്യമേറിയ വിക്ഷേപണമായിരുന്നു തിങ്കളാഴ്ചത്തേത്. സ്‌കാറ്റ്‌സാറ്റ്1 സമുദ്രഗവേഷണത്തിനും കാലാവസ്ഥ പഠനത്തിനും ഉതകുന്ന ഉപഗ്രഹമാണ്. 120 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ നിര്‍മാണച്ചെലവ്. അള്‍ജീരിയ, കാനഡ, അമേരിക്ക എന്നിവയുടെ അഞ്ചു ഉപഗ്രഹങ്ങളും ഐ.ഐ.ടി. ബോംബെ, ബെംഗളൂരുവിലെ പെസ് സര്‍വകലാശാല എന്നിവയുടെ ചെറുഉപഗ്രഹങ്ങളുമാണ് തിങ്കളാഴ്ച വിക്ഷേപിച്ചത്. പിഎസ്എല്‍വി റോക്കറ്റ് ആദ്യമായാണ് ഒറ്റ ദൗത്യത്തില്‍ രണ്ട് വ്യത്യസ്തഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നത്.