ഗുജറാത്തില്‍ പശുവിന്റെ മൃതദേഹം സംസ്‌കരിക്കാത്തതിന് ദളിത് കുടുംബത്തിന് നേരെ അക്രമം; ഗര്‍ഭിണിയായ യുവതിയെയും കുടുംബത്തെയും സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിച്ചു

പാലന്‍പുര്‍: ഗുജറാത്തിലെ ബനാസ്‌കന്ദയില്‍ ചത്ത പശുവിന്റെ മൃതദേഹം സംസ്‌കരിക്കാത്തതിന് ദളിത് കുടുംബത്തിന് നേരെ അക്രമം. ഗര്‍ഭിണിയായ യുവതിക്കും കുടുംബത്തിനും ക്രൂര മര്‍ദ്ദനം. കുടുംബാംഗങ്ങളായ അഞ്ച് പേരെയുമാണ് പത്തംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. അക്രമികളില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നിലേഷ് റാന്‍വാസിയ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആക്രമണത്തില്‍ നിലേഷിന്റെ ഗര്‍ഭിണിയായ ഭാര്യ സംഗീത ബെന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. കുടുംബത്തിലെ മറ്റ് രണ്ടു സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലന്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പശുവിനെ സംസ്‌കരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ആക്രമിച്ചവര്‍ ഭീഷണിപ്പെടുത്തിയെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ദാര്‍ബര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തെതുടര്‍ന്ന് കജ്‌റ ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.