ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി സൗജന്യ ഇന്റര്‍നെറ്റും ‘അമ്മ’ വഴി ലഭിക്കും. ആദ്യ ഘട്ടത്തില്‍ 50 സ്ഥലങ്ങളിലാണ് അമ്മ സൗജന്യ വൈഫൈ സോണുകള്‍ ആരംഭിക്കുക. അണ്ണാ ഡിഎംകെയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്. ബസ് ടെര്‍മിനസ്, വ്യാപാര സമുച്ചയങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. ആദ്യ ഘട്ടത്തില്‍ 50 സ്‌കൂളുകളെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇതിന് 10 കോടി രൂപ വകയിരുത്തി. ഷോളിങ്ങനെല്ലൂരിലെ എല്‍കോട്ട് പ്രത്യേക സാമ്പത്തിക മേഖലയില്‍ 80 കോടി രൂപ ചെലവില്‍ ഇന്റഗ്രേറ്റഡ് ഐടി കോംപ്ലക്‌സ് നിര്‍മിക്കാന്‍ മുഖ്യമന്ത്രി ജയലളിത നിര്‍ദേശം നല്‍കി. ഇവിടെനിന്നുള്ള സോഫ്റ്റ്‌വെയര്‍ കയറ്റുമതി 25% വരെ ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് ആധാര്‍ രജിസ്‌ട്രേഷനായി 650 ഇസേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ജയലളിത വ്യക്തമാക്കി. 25 കോടി രൂപ യാണ് ഇതിനായി സര്‍ക്കാര്‍ ചിലവഴിക്കുക.