പാക് അധിനിവേശ കശ്മീരില്‍ സൈനികാഭ്യാസം നടത്തില്ലെന്ന് റഷ്യ;സൈനികാഭ്യാസത്തിന്റെ വേദി ചേരട്ട്; ഇന്ത്യന്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് റഷ്യന്‍ എംബസി

ഇസ്‌ലാമാബാദ്: പാക് അധിനിവേശ കശ്മീരിലോ തര്‍ക്കപ്രദേശങ്ങളിലോ പാകിസ്താനുമായി സംയുക്ത സൈനിക അഭ്യാസം നടത്തില്ലെന്ന്് റഷ്യ. പാക് അധീന കശ്മീരിലെ റത്തുവിലുള്ള സൈനിക സ്‌കൂളിലായിരിക്കും സൈനികാഭ്യാസത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുകയെന്ന് റഷ്യന്‍ വര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു .എന്നാല്‍ ഇത് തെറ്റിധാരണ പരത്തുന്നതാണെന്ന് എംബസി അറിയിച്ചു.സൈനികാഭ്യാസത്തിന്റെ വേദി ചേരട്ട് ആയിരിക്കുമെന്നും എംബസി എന്നറിയിച്ചു. പാക്ക് അധിനിവേശ ഗില്‍ജിത്-ബാല്‍ട്ടിസ്ഥാന്‍ മേഖലയിലാണ് അഭ്യാസം നടക്കാന്‍ പോകുന്നതെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യ റഷ്യയെ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം.ആദ്യമായാണ് റഷ്യയും പാകിസ്താനും സംയുക്ത സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്. ഏതാണ്ട് ഇരുന്നൂറോളം റഷ്യന്‍ സൈനികരാണ് സംയുക്ത അഭ്യാസത്തിനായി പാകിസ്താനില്‍ എത്തിയിട്ടുള്ളത്. രണ്ടാഴ്ച നീളുന്ന അഭ്യാസത്തിന് ‘ഫ്രണ്ട്ഷിപ്പ് 2016’ എന്നാണ് പേര്. ശനിയാഴ്ച ആരംഭിക്കുന്ന സൈനിക അഭ്യാസപരിപാടി ഒക്ടോബര്‍ ഏഴിനാണ് അവസാനിക്കുകയെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനും റഷ്യയും തമ്മിലുള്ള സൈനിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംയുക്ത അഭ്യാസം നടത്തുന്നത്. റഷ്യന്‍ സൈനികര്‍ പാകിസ്താനിലെത്തിയ കാര്യം ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍. അസിം സലീം ബജ്‌വയാണ് അറിയിച്ചത്. ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് റഷ്യ പാകിസ്താനുമായുള്ള സംയുക്ത സൈനിക അഭ്യാസം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഉറി ആക്രമണത്തില്‍ പാകിസ്താനെ ശക്തമായ ഭാഷയില്‍ റഷ്യ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.