ജാനകിയമ്മ പാട്ടു നിര്‍ത്തുന്നു; താരാട്ട് പാട്ട് പാടിയാണ് ആറുപതിറ്റാണ്ട് നീണ്ടുനിന്നിരുന്ന സംഗീതസപര്യക്ക് വിരാമമിടുന്നത്

ഗാനകോകിലം എസ്. ജാനകി സംഗീത ജീവിതത്തില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു.മലയാളത്തില്‍ ഒരു താരാട്ട് പാട്ട് പാടിയാണ് ആറുപതിറ്റാണ്ട് നീണ്ടുനിന്നിരുന്ന സംഗീതസപര്യക്ക് വിരാമമിടുന്നത്.ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ പ്രിയങ്കരിയാണ് എസ്. ജാനകി .1957ലാണ് ജാനകിയമ്മയുടെ പാട്ടുകള്‍ സംഗീതാസ്വാദകര്‍ കേട്ടുതുടങ്ങുന്നത്.അനൂപ് മേനോനും മീരാ ജാസ്മിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ’10 കല്‍പ്പനകള്‍’ എന്ന ചിത്രത്തിലാണ് മലയാളികളുടെ ജാനകിയമ്മ അവസാന ഗാനം.
‘ഈ ഗാനം എന്റെ അവസാനത്തേതാണ്. ഇനി ഒരിക്കലും ഞാന്‍ പാടില്ല. സ്‌റ്റേജ് ഷോകളും ചെയ്യില്ല. പ്രായം ഏറിയിരിക്കുന്നു. മലയാളമടക്കം നിരവധി ഭാഷകളില്‍ ആവശ്യത്തിലേറെ പാടി. ഇനി വിശ്രമം വേണം’ സംഗീത ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ച് ജാനകിയമ്മയുടെ വാക്കുകളാണിത്. മലയാളത്തില്‍ പാടി കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം മുന്‍കൂട്ടി എടുത്തത് ആയിരുന്നില്ലെന്നും ജാനകിയമ്മ കൂട്ടിച്ചേര്‍ത്തു. അവസാന ഗാനം താരാട്ട് പാട്ടായതിലുള്ള സന്തോഷവും അവര്‍ മറച്ചു വച്ചില്ല.തമിഴിലെ വിളയാട്ട് എന്ന ചിത്രത്തിലൂടെയാണ് ജാനകിയമ്മയുടെ നാദം സംഗീതപ്രേമികള്‍ക്കിടയില്‍ കേട്ട് തുടങ്ങിയിരിക്കുന്നത്. പിന്നീട് 60 വര്‍ഷങ്ങള്‍ കൊണ്ട് ജാനകിയമ്മ പാടിയിരിക്കുന്നത് 48,000 പാട്ടുകള്‍. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ ആദ്യ ഗാനം. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ അവര്‍ നേടി. വിവിധ ഭാഷകളിലായി 32 സംസ്ഥാന അവാര്‍ഡുകള്‍ നേടി. അതില്‍ കേരള സര്‍ക്കാരിന്റെ അവാര്‍ഡ് 14 തവണയും തമിഴ് നാടിന്റെ ഏഴ് തവണയും ആന്ധ്ര സര്‍ക്കാരില്‍ നിന്നും പത്ത് തവണയും ഒറിയ ഭാഷയില്‍ ഒന്നുമാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ കലൈമാമണി പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകളും ഏറ്റുവാങ്ങിയിട്ടുണ്ട് .2013ല്‍ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും അത് ജാനകിയമ്മ നിരസിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.