ന്യൂഡല്‍ഹി: ഉറിയില്‍ സൈനിക ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിച്ചു കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ചില പിഴവുകള്‍ പറ്റിയിട്ടുണ്ടെന്നും ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കശ്മീരിലെ ഉറിയിലുള്ള സൈനിക കേന്ദ്രത്തില്‍ ഞായറാഴ്ച്ച നടന്ന തീവ്രവാദി ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് പരീക്കര്‍ വീഴ്ച്ച സമ്മതിച്ചത്. അതിനിടെ, ഇന്ത്യയിലെ പാക് ഹൈക്കമിഷണറെ വിദേശകാര്യ മന്ത്രിലായം വിളിച്ചുവരുത്തി ആക്രമണത്തില്‍ കടുത്ത അതൃപ്തി അറിയിച്ചു.പാക് ഹൈക്കമിഷ്ണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് വിളിച്ചുവരുത്തിയത്. ആക്രമണത്തില്‍ പാക്ക് പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറി.തീര്‍ച്ചയായും ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. അത് വളരെ സെന്‍സിറ്റീവായ കാര്യമാണ്. ചില തെറ്റുകള്‍ വരുമ്പോള്‍ അത് തിരുത്തുന്നതിനോടൊപ്പം ഇനിയൊരിക്കലും ആവര്‍ത്തിക്കരുതെന്ന് ഉറപ്പുവരുത്തണം. ഇതിന് മാനേജ്‌മെന്റ് തത്വങ്ങളുണ്ട്. എന്താണ് വീഴ്ച്ചയെന്ന് ഖണ്ടെത്തി അത് തിരുത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. 100 ശതമാനം കുറ്റമറ്റതായിരിക്കണം എന്റെ ജീവിത രീതി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം പിഴവുകള്‍ ഇനിയുമിനിയും ആവര്‍ത്തിക്കരുതെന്ന് രാഷ്ട്രം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു.ആവശ്യമെങ്കില്‍ ശക്തമായ പ്രത്യാക്രമണം നടത്തും. ഉറി ആക്രമണത്തിന് പിന്നിലുള്ളവരെ ശിക്ഷിക്കാതിരിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വെറുംവാക്കാവില്ല. എങ്ങനെ ശിക്ഷിക്കണം. അത് കണക്കുകൂട്ടേണ്ടതുണ്ട്. സര്‍ക്കാര്‍ ഇത് ഗൗരവമായി കാണുന്നുണ്ടെന്നും പരീക്കര്‍ പറഞ്ഞു. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികളുടെ ആക്രമണങ്ങളോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.