ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണാണ് ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ശ്രമിച്ചത്. കശ്മീരില്‍ ഉണ്ടായ പട്ടാള അക്രമങ്ങളെക്കുറിച്ച് യുഎന്നിന്റെ നേതൃത്വത്തില്‍ സ്വന്തന്ത്രാന്വേഷണം നടത്തണമെന്ന് നവാസ് ഷരീഫ് പറഞ്ഞു. കൊല്ലപ്പെട്ട യുവ നേതാവ് ബുര്‍ഹാന്‍ വാനി കശ്മീരികളുടെ പ്രതീകമാണെന്നു പോലും അവകാശപ്പെട്ട ഷരീഫ് നിരപരാധികളായ കശ്മീരികളാണ് കൊല്ലപ്പെടുന്നതെന്ന് ആരോപിച്ചു. കശ്മീരിനെ പട്ടാളരഹിതമാക്കണം. തടവിലുള്ള നേതാക്കളെ വിട്ടയയ്ക്കണം. കശ്മീരികള്‍ക്ക് സ്വയം നിര്‍ണയാവകാശം വേണമെന്ന ആവശ്യത്തെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നതായും നവാസ് പറഞ്ഞു. സംഘര്‍ഷമല്ല , സമാധാനമാണ് പാക്കിസ്ഥാന് താല്‍പര്യം. ഇന്ത്യയുമായി സംഭാഷണങ്ങള്‍ക്കു തയാറാണ്. എന്നാല്‍ അപ്രതീക്ഷിത നിബന്ധനകളുമായി ഇന്ത്യയാണ് തടസ്സം നില്‍ക്കുന്നത്. ഇന്ത്യ വാഗ്ദാനങ്ങള്‍ പാലിക്കുകയാണ് വേണ്ടത്. ആയുധമല്‍സരത്തിന് പാക്കിസ്ഥാനില്ല, എന്നാല്‍ ഇന്ത്യ ആയുധ ശേഖരത്തിലൂടെ പ്രകോപനം സൃഷ്ടിക്കുകയാണ്. തീവ്രവാദത്തിന്റെ ഇരയായി സ്വയം വിശേഷിപ്പിച്ച പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും പിന്തുണ നല്‍കുന്ന രാജ്യമാണെന്നും അവകാശപ്പെട്ടു.ഹിസ്ബുള്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ യുഎന്‍ പൊതു സഭയിലെ തന്റെ പ്രസംഗത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പ്രകീര്‍ത്തിച്ചതിലൂടെ തീവ്രവാദത്തോടുള്ള പാക്കിസ്ഥാന്റെ അടുപ്പം ഒന്നുകൂടി വ്യക്തമായിരിക്കുകയാണെന്നു ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.