അമിതാഭ് ബച്ചനും മോഹന്‍ലാലും ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാര്‍; ‘ഒപ്പം’, ‘പിങ്ക്’ എന്നീ സിനിമകള്‍ കണ്ടതിന് ശേഷമാണ് ഹരിഹരന്റെ അഭിപ്രായപ്രകടനം

ചെന്നൈ: മോഹന്‍ലാലിന്റെയും അമിതാഭ് ബച്ചന്റെയും അഭിനയത്തെ പ്രശംസിച്ച് സംവിധായകന്‍ ഹരിഹരന്‍. മോഹന്‍ലാലിന്റെ പ്രിയദര്‍ശന്‍ ചിത്രം ‘ഒപ്പം’, അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത അമിതാഭ് ബച്ചന്‍ ചിത്രം ‘പിങ്ക്’ എന്നീ സിനിമകള്‍ കണ്ടതിന് ശേഷമാണ് ഹരിഹരന്റെ അഭിപ്രായപ്രകടനം. ‘ഒപ്പ’ത്തിന്റെ സംവിധായകനോട് തന്നെയാണ് ഹരിഹരന്‍ തന്റെ ഇഷ്ടനടന്മാരെക്കുറിച്ച് പറഞ്ഞത്. ‘ഒപ്പ’ത്തിലെ മോഹന്‍ലാലിന്റെയും ‘പിങ്കി’ലെ അമിതാഭ് ബച്ചന്റെയും പ്രകടനം കണ്ടാല്‍ നമുക്ക് തോന്നും ഇവരേക്കാളും വലിയ നടന്മാര്‍ നമുക്കില്ലെന്ന് ഹരിഹരന്റെ വാക്കുകള്‍. കരിയറിലെ ആദ്യത്തെ മുഴുനീള അന്ധകഥാപാത്രം ‘ജയരാമനാ’യി മോഹന്‍ലാല്‍ എത്തിയ ‘ഒപ്പം’ തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഓണച്ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമതും ‘ഒപ്പം’ തന്നെ. ആദ്യ ഒന്‍പത് ദിവസംകൊണ്ട് ചിത്രം 16.43 കോടി ഗ്രോസ് നേടിയതായാണ് അനൗദ്യോഗിക കണക്ക്. ‘പിങ്കി’ല്‍ അമിതാഭ് ബച്ചന്‍ ദീപക് സേഗാള്‍ എന്ന അഭിഭാഷകനായാണ് എത്തുന്നത്. സാമൂഹികമായ ലിംഗനീതി വിഷയമാക്കുന്ന സിനിമയില്‍ തപ്‌സി പന്നു, കീര്‍ത്തി കുല്‍ക്കര്‍ണി, ആന്‍ഡ്രിയ താരിയംഗ് എന്നിവര്‍ക്കൊപ്പം അംഗാദ് ബേദിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

© 2024 Live Kerala News. All Rights Reserved.