അലഹബാദ്: ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗ ശേഷം മുപ്പത്തിയഞ്ചു വയസുകാരിയെ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ കജാ കുര്‍ദ്ദ് ഗ്രാമത്തിനടുത്ത് വച്ചാണ് ഞായറാഴ്ച്ച യുവതിയെ വണ്ടിയില്‍ നിന്നും പുറത്തേക്കെറിഞ്ഞത്. റയില്‍വേ സ്റ്റേഷനു സമീപം വേദനകൊണ്ടു പുളയുകയായിരുന്ന സ്ത്രീയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ സ്ഥലത്തെത്തിയത്. കണ്ണങ്കാലില്‍ ആഴത്തിലുള്ള മുറിവുള്ളതായും സ്ത്രി നഗ്‌നയായാണ് ട്രാക്കില്‍ കിടന്നിരുന്നതെന്നും ഇവര്‍ പറഞ്ഞു. രണ്ട് പേര്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്ന് സ്ത്രീ പറഞ്ഞതായും ആളുകള്‍ അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ ബലാല്‍സംഗം നടന്നതായി സ്ഥിരീകരിക്കാനായിട്ടില്ല, പാത്തോളജി ടെസ്റ്റിന് ശേഷം മാത്രമെ ഇത് സ്ഥിരീകരിക്കാനാകു ഗൊരഖ്പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ തന്‍വീര്‍ അഹ്മദ് പറഞ്ഞു.