ചിറ്റാറില്‍ ജയന്റ് വീലില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു; സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെ പ്രിയങ്ക വീണത്

ചിറ്റാര്‍: പത്തനംതിട്ട ചിറ്റാറില്‍ ജയന്റ് വീലില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക(14) ആണ് മരിച്ചത്. പ്രിയങ്കയുടെ സഹോദരന്‍ അലന്‍(5) സംഭവദിവസം തന്നെ മരിച്ചിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു പ്രിയങ്കയുടെ മരണം. ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനായിരുന്നു. സപ്തംബര്‍ എട്ട് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. സ്വകാര്യ ഗ്രൂപ്പ് നടത്തിവന്ന കാര്‍ണിവലിലെ കറങ്ങിക്കൊണ്ടിരുന്ന ആകാശ ഊഞ്ഞാലില്‍ നിന്ന് അലന്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെ പ്രിയങ്കയും വീണു. കുട്ടികള്‍ റൈഡില്‍ തന്നെ തലയടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം മാതാപിതാക്കളും മൈതാനത്തുണ്ടായിരുന്നു. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കാര്‍ണിവലില്‍ റൈഡുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് ആക്ഷേപമുണ്ട്. പ്രാദേശികതലത്തിലുള്ള അധികൃതരെ സ്വാധീനിച്ച് സംഘടിപ്പിച്ച മേള ആവശ്യമായ അനുമതികള്‍ ഇല്ലാതെയാണ് നടന്നിരുന്നത്.

© 2024 Live Kerala News. All Rights Reserved.