വേള്‍ഡ് ട്രെഡ് സെന്ററിന് നേരെ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 15 വര്‍ഷം; ആക്രമണത്തില്‍ 2750 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത് ; 75,000 പേര്‍ ആക്രമണത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല

ന്യൂയോര്‍ക്ക്: അമേരിക്കയെ ഞെട്ടിച്ചു കൊണ്ട് വേള്‍ഡ് ട്രെഡ് സെന്ററിന് നേരെ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 15 വര്‍ഷം. 2001 സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു അമേരിക്കയിലെ ഭീകരാക്രമണം. വേള്‍ഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും അല്‍ ഖായിദ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി നടത്തിയ ആക്രമണങ്ങളില്‍ മൊത്തം 2750 പേരുടെ ജീവനുകളാണ് നഷ്ടമായത്. 75,000 പേര്‍ ആക്രമണത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. നാല് ദീര്‍ഘദൂര യാത്രാവിമാനങ്ങളാണ് ഭീകരര്‍ ആക്രമണത്തിനായി റാഞ്ചിയത്. ആദ്യ വിമാനം ലോകവ്യാപാര കേന്ദ്രത്തിന്റെ ഒന്നാമത്തെ ടവറിലേക്ക് ഇടിച്ചിറങ്ങിയത് രാവിലെ 8.46ന് ആയിരുന്നു. രണ്ടാമത്തെ വിമാനം ഇരട്ടഗോപുരങ്ങളില്‍ രണ്ടാമത്തേതിലേക്ക് വന്നിടിച്ച് പൊട്ടിത്തെറിച്ചത് 9.03ന്. 9.37ന് മൂന്നാം വിമാനം പെന്റഗണിലേക്ക് ഇടിച്ചിറങ്ങി. വാഷിംഗ്ടണ്‍ ഡി.സി ലക്ഷ്യംവച്ച നാലാം വിമാനം യാത്രക്കാരുമായി പെന്‍സില്‍വാനിയക്ക് സമീപം തകര്‍ന്നു വീണപ്പോള്‍ സമയം 10.03. അല്‍ ഖ്വയ്ദയുടെ 19 ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തത്. നാലുവിമാനങ്ങളിലുമായി ഉണ്ടായിരുന്ന 246 പേരില്‍ ആരും രക്ഷപ്പെട്ടില്ല. ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞ ഗ്രൗണ്ട് സീറോ ഇന്ന് ആക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ പേറുന്ന മ്യൂസിയമാണ്. മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആയിരക്കണക്കിന് ആളുകളാണ് ഓര്‍മ്മപ്പൂക്കളുമായി ഇവിടേക്കെത്തുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 23 ഓഫീസര്‍മാരുടെ ബഹുമാനാര്‍ഥം ന്യൂയോര്‍ക്ക് പൊലീസ് വകുപ്പു പരേഡ് നടത്തി. 9/11 അനുസ്മരണ സമ്മേളനം ഇന്ന് നടക്കും. ഭീകരാക്രമണങ്ങള്‍ക്കെതിരെ ഒരുമയോടെ നിലകൊള്ളണമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. യുഎസിനെ ആഴത്തില്‍ മുറിവേല്‍പിച്ച 9/11 ഭീകരാക്രമണത്തിനു 15 വര്‍ഷം തികയുന്നതിന്റെ തലേദിവസം നടത്തിയ റേഡിയോ പ്രഭാഷണത്തിലാണ്, ഇക്കാര്യത്തില്‍ രാജ്യത്തു ഭിന്നതയുണ്ടാകാന്‍ ഇടയാകരുതെന്ന അദ്ദേഹത്തിന്റെ ആഹ്വാനം.

© 2024 Live Kerala News. All Rights Reserved.