കൊച്ചിയില്‍ ഭീകരാക്രമണ ഭീഷണി; ഫ്രാന്‍സ് മോഡല്‍ ആക്രമണം നടത്തും; ജമാ അത്തെ സമ്മേളനം മാറ്റി

കൊച്ചി: കൊച്ചി നഗരത്തില്‍ ജമാ അത്തെ ഇസ്ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ‘മതസൗഹാര്‍ദ്ദം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഹൈക്കോടതിക്ക് സമീപമുള്ള കെട്ടിടത്തില്‍ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഫ്രാന്‍സ് ആക്രമണ മാതൃകയില്‍ വാഹനം ഇടിച്ചുകയറ്റുമെന്ന്് ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചു .ഇതേതുടര്‍ന്ന് സമ്മേളന വേദി മറ്റൊരിടത്തേക്ക് മാറ്റി. അതിഥിയായി എത്തിയ രാഹുല്‍ ഈശ്വറിനെ സുരക്ഷയുടെ ഭാഗമായി പോലീസ് തടയുകയും ചെയ്തു. അതീവ സുരക്ഷയിലാണ് പരിപാടി നടന്നത്. എന്നാല്‍ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് ഈ നടപടിയെന്ന് പോലീസ് ഇന്നാണ് വ്യക്തമാക്കിയത്. ഐഎസ് ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ നിന്നുള്ള പ്രതിഷേധമെന്ന നിലയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മറ്റു മതങ്ങളിലെ പ്രമുഖരേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഈ ചടങ്ങിന് തീവ്ര ചിന്താഗതിയുള്ള സംഘടനയില്‍ നിന്ന് ഭീഷണിയുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്.ഭീഷണിയെ കുറിച്ച് ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംസ്ഥാന പോലീസിന് വിവരം ലഭിച്ചത്. ഉടന്‍തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തിലേയും പുറത്തേക്കുമുള്ള റോഡുകളില്‍ പരിശോധന നടത്തുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.