മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗ്രോ ഡ്യൂടേര്‍ട് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ അസഭ്യം പറഞ്ഞത്് വിവാദമായി. സംഭവത്തെ തുടര്‍ന്ന് ഇന്ന് ഡ്യൂടേര്‍ട്ടുമായി നടക്കാനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കി. വൈറ്റ് ഹൗസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഒബാമയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയായിരുന്നു ഡ്യൂടേര്‍ട്ടിന്റെ പ്രസ്താവന. ഫിലിപ്പീന്‍സിലെ മനുഷ്യാവകാശ ലംഘനത്തെപ്പറ്റി ഒബാമ പ്രഭാഷണം നടത്തിയാല്‍ കേള്‍ക്കാന്‍ തന്നെക്കിട്ടില്ലെന്നു പറഞ്ഞായിരുന്നു അസഭ്യ പ്രയോഗം. ലാവോസിന്റെ തലസ്ഥാനമായ വിയന്തിയയില്‍ ഇന്നു നടക്കുന്ന ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിക്കും മുന്‍പാണു ഡ്യൂടേര്‍ട് വിവാദ പ്രസ്താവന നടത്തിയത്. ഉച്ചകോടിയുടെ ഇടയില്‍ ഒബാമഡ്യൂടേര്‍ട് കൂടിക്കാഴ്ചയും നടക്കേണ്ടതായിരുന്നു. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ഈ കൂടിക്കാഴ്ച വൈറ്റ് ഹൗസ് അധികൃതര്‍ റദ്ദാക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഡ്യൂടേര്‍ട് മേയില്‍ അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി 2400ഓളം പേരെ വധിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി ചോദ്യമുയരാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ഡ്യൂടേര്‍ടിനെ പ്രകോപിതനാക്കിയതെന്നാണ് വിവരം. സംഭവം വിവാദമായപ്പോള്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട് ഖേദം പ്രകടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു അത്. യു.എസ് പ്രസിഡന്റിനെ വ്യക്തിപരമായി ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.