കൊച്ചി: ഒന്നുമല്ലാതിരുന്ന കാലത്ത് മലയാളസിനിമയാണ് തനിക്ക് അവസരം തന്നത്. അതുകൊണ്ട് തന്നെ മലയാളത്തില്‍ നിന്നും ക്ഷണം ലഭിച്ചാല്‍ അത് നിരസിക്കില്ലെന്നും ചീയന്‍ വിക്രം പറഞ്ഞു. ചെമ്മീനും മറ്റും പോലെ കാലാതിവര്‍ത്തിയായ ഒരു ക്ലാസിക് സിനിമയില്‍ അഭിനയിക്കാനാണ് മോഹമെന്നും താരം വെളിപ്പെടുത്തി. പുതിയ ചിത്രം ഇരു മുഖന്റെ റിലീസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ സിനിമകളെല്ലാം നന്നായി ഇഷ്ടപ്പെട്ടു. ഇവിടെ കഥയാണ് സിനിമയുടെ യഥാര്‍ത്ഥ മുടക്കുമുതലെന്നും വിക്രം പറഞ്ഞു. പുതിയ ചിത്രമായ ഇരുമുഖനില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള രണ്ട് വേഷങ്ങളാണ് താന്‍ ചെയ്തതെന്നും വിക്രം പറഞ്ഞു. രണ്ടും തീര്‍ത്തും വ്യത്യസ്തമാര്‍ന്ന വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ തന്നെ. ഏറെ ആവേശം പകരുന്ന കഥാപാത്രങ്ങളാണ് ഇതിലെ നായകന്‍ അഖിലും വില്ലന്‍ ലൗവും. കഥയും കഥാപാത്രങ്ങളും തന്നെയാണ് ഈ ചിത്രത്തിലെ നായകര്‍. ട്രെയിലര്‍ കണ്ട് പറയുംപോലെ ഇതിലെ കഥാപാത്രം ഒരു ഭിന്നലിംഗക്കാരനോ സ്വവര്‍ഗാനുരാഗിയോ അല്ലെന്ന് വിക്രം പറയുന്നു.