കൊച്ചി: കേരള കോണ്‍ഗ്രസിനോടും മുസ്ലിംലീഗിനോടും യാതൊരു ബാന്ധവും ആവശ്യമില്ലെന്ന സന്ദേശം നല്‍കി പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആത്മാഭിമാനമുളള ആര്‍ക്കും കെ.എം മാണിയുമായും കേരള കോണ്‍ഗ്രസുമായും സഹകരിക്കാന്‍ കഴിയില്ല. അഴിമതി കേസില്‍ ആരോപണ വിധേയനായ രാഷ്ട്രീയ പ്രതിഭാസമായ കെ.എം മാണിയുമായി സഹകരിക്കുന്ന കാര്യം ഇന്നത്തെ സാഹചര്യത്തില്‍ ചിന്തിക്കാനാവില്ല.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെയാണ്. വര്‍ഗീയ നിലപാട് വെച്ചുപുലര്‍ത്തുന്നിടത്തോളം കാലം ലീഗുമായി ഒരു തരത്തിലും സഹകരിക്കാന്‍ കഴിയില്ല. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുന്നതായും ബേബി തുറന്നടിച്ചു. എല്‍ഡിഎഫില്‍ നിന്നും പോയ ജെഡിയുവും ആര്‍എസ്പിയും തെറ്റുതിരുത്തി തിരികെ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.