ചെന്നൈ: അച്ഛന്റെ മരണത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതില്‍ വ്യത്യസ്ത പ്രതിഷേധവുമായി കൗമാരക്കാരന്‍ രംഗത്ത്്. വില്ലുപ്പുരം ജില്ലയിലെ കുന്നത്തൂര്‍ ഗ്രാമത്തിലെ 15 കാരന്‍ അജിത് ആണ് കൈക്കൂലിക്കാരായ അധികൃതരെ തുറന്നുകാട്ടാന്‍ സമരരംഗത്തുള്ളത്.കര്‍ഷകന്റെ മരണത്തില്‍ സര്‍ക്കാര്‍ നല്‍കേണ്ട നഷ്ടപരിഹാരം ലഭിക്കാന്‍ വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
അച്ഛന്‍ മരിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അജിത്തിന്റെ അച്ഛന്‍ 45കാരനായ കോലാഞ്ചി മരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകര്‍ക്കായുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം പ്രകാരം മരണപ്പെടുന്ന കര്‍ഷകരുടെ കുടുംബത്തിന് 12,500 രൂപ അനുവദിക്കാറുണ്ട്. ഈ തുകയുടെ ചെക്ക് നല്‍കണമെങ്കില്‍ 3000 രൂപ കൈക്കൂലി നല്‍കണമെന്ന് അജിത്തിനോട് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. അത്രയും വലിയ തുക നല്‍കാന്‍ ഇല്ലാത്തതിനാല്‍ കൈക്കൂലി നല്‍കാനുള്ള പണം കണ്ടെത്താന്‍ വലിയ ബാനറുമായി അജിത് പൊതുജനമധ്യത്തിലെത്തുകയായിരുന്നു. ബസ്സുകളിലും പൊതുജനമധ്യത്തില്‍ ബക്കറ്റ് പിരിവിന് ഇറങ്ങിയ അജിത്തിന്റെ ചിത്രവും വീഡിയോയും വൈറലായി.